മുംബൈ :
ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മേയറായി ബിജെപി കോർപ്പറേറ്റർ ഋതു താവ്‌ഡെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോർപ്പറേഷൻ രൂപീകൃതമായി നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് ബിജെപിക്ക് മുംബൈ മേയർ സ്ഥാനം ലഭിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷന്റെ 25 വർഷത്തിലേറെ നീണ്ട താക്കറെ കുടുംബത്തിന്റെ ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ബിജെപി മുംബൈ കോർപ്പറേഷനിൽ അധികാരത്തിൽ എത്തിയിരിക്കുന്നത്.
മേയർ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ശിവസേന യുബിടി ഒരു സ്ഥാനാർത്ഥിയെയും നിർത്താതിരുന്നതിനെത്തുടർന്ന് ഋതു തവ്ഡെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 227 അംഗ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 118 സീറ്റുകളാണ് നേടിയിരുന്നത്. 89 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുള്ള നേതാക്കൾ ആശംസകൾ അറിയിച്ചു.
ഘാട്‌കോപ്പർ വെസ്റ്റിൽ നിന്ന് മൂന്ന് തവണ കോർപ്പറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബിജെപി നേതാവാണ് മേയർ ആയ ഋതു തവ്ഡെ. മഹാരാഷ്ട്ര സംസ്ഥാന ബിജെപി മഹിളാ മോർച്ചയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. ഋതു തവ്ഡെ മറാത്ത സമുദായത്തിൽ നിന്നുള്ളയാളാണ്, പക്ഷേ ഗുജറാത്തികൾ കൂടുതലുള്ള ഒരു പ്രദേശത്ത് (ഘട്കോപ്പർ) നിന്ന് വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. മറാത്തി, ഗുജറാത്തി വോട്ടർമാരുമായി ഒരുപോലെ ബന്ധം പുലർത്തുകയും താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചു വരികയും ചെയ്തിട്ടുള്ള നേതാവാണ് ഋതു തവ്ഡെ. ഘാട്‌കോപ്പറിലെ ജലക്ഷാമം നേരിടാൻ ജലമാഫിയയ്‌ക്കെതിരെ ‘ഹുണ്ട മോർച്ച’ സംഘടിപ്പിച്ച് വിജയം നേടിയതോടെ തവ്ഡെ മുഴുവൻ മഹാരാഷ്ട്രയിലും ശ്രദ്ധേയയായി. സ്ത്രീകൾക്ക് വിവിധ മേഖലകളിൽ തൊഴിലുകൾ നൽകി അവരെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്ന മഹിളാ ആർതിക് വികാസ് മഹാമണ്ഡലത്തിന്റെ മുൻ ഡയറക്ടർ കൂടിയാണ് ഋതു തവ്ഡെ.









Discussion about this post