അയൽരാജ്യമായ ബംഗ്ലാദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘർഷവാർത്തകളാണ് പുറത്തുവരുന്നത്. ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെങ്കിലും പലയിടത്തും വോട്ടിംഗ് മന്ദഗതിയിലാണ്. ഇതിനിടെ, വോട്ടെടുപ്പ് കേന്ദ്രത്തിനുള്ളിൽ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ച രണ്ട് പേരെ മൊബൈൽ കോടതി ഏഴ് ദിവസത്തെ തടവിന് ശിക്ഷിച്ചു. രാജ്ഷാഹി നഗരത്തിലെ ഷിറൈൽ കോളനി സ്കൂൾ പോളിംഗ് സ്റ്റേഷനിലാണ് സംഭവം.
ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്‌റിൻ രംഗത്തെത്തി. അവാമി ലീഗിനെ നിരോധിച്ചതോടെ രാജ്യത്തെ പ്രധാന പ്രതിപക്ഷമായി ജമാഅത്തെ ഇസ്‌ലാമി മാറാൻ പോകുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകി. “ബിഎൻപി (BNP) വിജയിച്ചാൽ, ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ആദ്യമായി ജമാഅത്തെ ഇസ്‌ലാമി പ്രധാന പ്രതിപക്ഷമാകും. അവാമി ലീഗിനെ നിരോധിച്ചത് കൊണ്ടാണ് ഈ ദുരവസ്ഥ ഉണ്ടായത്. തിരഞ്ഞെടുക്കപ്പെട്ട പുതിയ സർക്കാർ അവാമി ലീഗിന് മേലുള്ള നിരോധനം നീക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എങ്കിൽ മാത്രമേ മതേതര അല്ലെങ്കിൽ ഇടത് പക്ഷ പാർട്ടികളിൽ നിന്ന് പ്രതിപക്ഷം ഉണ്ടാവുകയുള്ളൂ. മതമൗലികവാദികൾക്ക് അധികാരം ലഭിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്,” തസ്ലീമ നസ്‌റിൻ എക്സിൽ (X) കുറിച്ചു.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ രാഷ്ട്രീയ പ്രക്രിയയിൽ നിന്ന് മാറ്റിനിർത്തിയത് ബംഗ്ലാദേശിലെ ഹൈന്ദവ ന്യൂനപക്ഷങ്ങളെയും മതേതരവാദികളെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്ര നിലപാടുള്ള സംഘടനകൾക്ക് ഇത് വളരാൻ അവസരമൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.








