ന്യൂഡൽഹി : 3.25 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ. കഴിഞ്ഞ മാസം പ്രതിരോധ സംഭരണ ബോർഡ് നിർദേശിച്ച നിർദ്ദേശത്തിന് ആണ് ഉന്നത പ്രതിരോധ സമിതി അംഗീകാരം നൽകിയത്. ഇനി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യ മന്ത്രിസഭാ സമിതിയുടെ അന്തിമ അംഗീകാരമാണ് പ്രതിരോധ കരാറിന് ലഭിക്കേണ്ടത്.
114 റാഫേൽ ജെറ്റുകളും 6 പി 8 ഐ വിമാനങ്ങളും ഉൾപ്പെടെയുള്ളവ വാങ്ങുന്നതാണ് 3.25 ലക്ഷം കോടി രൂപയുടെ ഈ പ്രതിരോധ കരാർ. ഇതിൽ ഏകദേശം 2.5 ലക്ഷം കോടി രൂപ വിമാനങ്ങൾ വാങ്ങുന്നതിനായി നീക്കിവച്ചിരിക്കുന്നു, ബാക്കിയുള്ളത് ആയുധങ്ങൾ, സ്പെയറുകൾ, അവശ്യ സഹായ പാക്കേജുകൾ എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നു. കൂടാതെ ഏകദേശം 28,000 കോടി രൂപ ചെലവിൽ 6 അധിക P-8I മാരിടൈം പട്രോൾ വിമാനങ്ങൾ വാങ്ങുന്നതിനും പ്രതിരോധ കൗൺസിൽ അംഗീകാരം നൽകി.
‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന പദ്ധതിയിൽ കൂടുതൽ ഊന്നൽ നൽകുന്നതാണ് ഇപ്പോഴത്തെ നിർദ്ദേശം. സാങ്കേതികവിദ്യ കൈമാറ്റം, പ്രാദേശിക ഉൽപ്പാദനം, ഭാവിയിലെ ആയുധ സംവിധാനങ്ങളുടെ സംയോജനം എന്നിവ ഇന്ത്യൻ ആവശ്യങ്ങൾക്കനുസൃതമായി നടപ്പിലാക്കുന്നതിനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധവിമാന സംഭരണ കരാറാണിത്.









Discussion about this post