ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ ശുഭവാർത്ത പുറത്തുവന്നു. പാകിസ്ഥാനെതിരായ ടി20 ലോകകപ്പിലെ മഹാപോരാട്ടത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഏറ്റവും വലിയ ആശ്വാസവാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. യുവ ഓപ്പണർ അഭിഷേക് ശർമ്മ നാളത്തെ മത്സരത്തിൽ കളിക്കുമെന്ന് നായകൻ തന്നെ വ്യക്തമാക്കി.
അസുഖം മൂലം നമീബിയക്കെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ അഭിഷേക് ശർമ്മ പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും നാളെ കൊളംബോയിൽ പാകിസ്ഥാനെതിരെ ഓപ്പണറായി ഇറങ്ങുമെന്നും സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു. പ്രമുഖ കായിക മാധ്യമപ്രവർത്തകൻ പ്രത്യുഷ് രാജാണ് ഈ വിവരം പുറത്തുവിട്ടത്.
വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന അഭിഷേക്, മെഡിക്കൽ സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. നിർണ്ണായകമായ പാക് പോരാട്ടത്തിന് മുൻപ് താരം ടീമിനൊപ്പം ചേർന്നത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് ഇരട്ടിയാക്കും. അഭിഷേകും ഇഷാൻ കിഷനും ചേർന്നാകും നാളെ ഇന്ത്യൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക.
അഭിഷേക് തിരിച്ചെത്തുന്നതോടെ നമീബിയക്കെതിരെ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തുപോകാനാണ് സാധ്യത. നമീബിയക്കെതിരെ 8 പന്തിൽ 22 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും, ടീം കോമ്പിനേഷൻ പരിഗണിച്ച് സഞ്ജുവിന് സ്ഥാനം നഷ്ടമായേക്കും. എന്നാൽ മധ്യനിരയിൽ റിങ്കു സിംഗിന് പകരം സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന മുഹമ്മദ് കൈഫിനെപ്പോലെയുള്ള മുൻ താരങ്ങളുടെ നിർദ്ദേശം ടീം മാനേജ്‌മെന്റ് പരിഗണിക്കുമോ എന്ന് കണ്ടറിയണം.
കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ പാക് ബൗളർമാരെ കടന്നാക്രമിച്ച ചരിത്രമാണ് അഭിഷേകിനുള്ളത്. പവർപ്ലേ ഓവറുകളിൽ അതിവേഗം റൺസ് അടിച്ചുകൂട്ടാനുള്ള താരത്തിന്റെ കഴിവ് പാകിസ്ഥാന്റെ പ്ലാനുകളെ തകർക്കാൻ സഹായിക്കുമെന്ന് സൂര്യകുമാർ യാദവ് വിശ്വസിക്കുന്നു.












