ന്യൂഡൽഹിയിലെ ദ്വാരകയിൽ പതിനേഴുകാരൻ ഓടിച്ച സ്കോർപിയോ ഇടിച്ച് 23 വയസ്സുകാരനായ സാഹിൽ ധനേശ്വര മരിച്ച സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. അപകടത്തിന് പിന്നാലെ പ്രതിയുടെ പിതാവ് നടത്തിയ മാപ്പപേക്ഷ തള്ളിക്കൊണ്ട് സാഹിലിന്റെ അമ്മ ഇന്ന മാക്കൻ രംഗത്തെത്തി. “അയാൾ എന്തിനാണ് ക്ഷമ ചോദിക്കുന്നത്? എന്റെ ജീവിതം തകർത്തതിനോ? അതോ ഞാൻ മാദ്ധ്യമങ്ങളോട് സംസാരിച്ചതിനോ? അയാളുടെ മാപ്പ് സ്വീകരിക്കാത്തതിൽ എനിക്ക് ഒട്ടും ഖേദമില്ല,” എന്ന് തകർന്ന ഹൃദയത്തോടെ അവർ പറഞ്ഞു. സ്വന്തം കുഞ്ഞിനാണ് ഇത് സംഭവിച്ചതെങ്കിൽ അദ്ദേഹം മാപ്പ് സ്വീകരിക്കുമായിരുന്നോ എന്നും തന്റെ മകനെ തിരികെ തരാൻ അയാൾക്ക് കഴിയുമോ എന്നും സാഹിലിന്റെ അമ്മ ചോദിക്കുന്നു.
ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകാനിരിക്കെയാണ് സാഹിലിന്റെ ജീവൻ ആഡംബര എസ്‌യുവിയുടെ രൂപത്തിൽ എത്തിയ മരണം കവർന്നത്. അപകടം നടക്കുമ്പോൾ പ്രതിയായ കൗമാരക്കാരന്റെ സഹോദരി മുൻസീറ്റിലിരുന്ന് റീൽസ് ചിത്രീകരിക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ വിവാദമായത്. എന്നാൽ തന്റെ മക്കൾ റീൽസ് എടുക്കുകയായിരുന്നില്ലെന്നും വെറുതെ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നുമാണ് പിതാവിന്റെ വാദം. മകന് ഡ്രൈവിംഗ് ലൈസൻസ് ഇല്ലായിരുന്നുവെന്നും അവൻ തന്റെ അറിവില്ലാതെയാണ് വണ്ടി എടുത്തതെന്നും ഇയാൾ അവകാശപ്പെടുന്നു. മകൻ മിടുക്കനായ വിദ്യാർത്ഥിയാണെന്നും സ്കൂളിൽ നിന്ന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പിതാവ് പ്രതിരോധം തീർക്കുന്നത്.
സാഹിലിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഈ നഷ്ടം നികത്താനാവാത്തതാണ്. 2018-ൽ ഭർത്താവ് മരിച്ചതിന് ശേഷം തന്റെ ഏകമകനെ വളർത്താൻ വേണ്ടി മാത്രം ജീവിച്ച ഒരു സിംഗിൾ മദറാണ് ഇന്ന മാക്കൻ. മകന്റെ ഭാവിക്കായി കെട്ടിപ്പടുത്ത റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ഉൾപ്പെടെയെല്ലാം ഉപേക്ഷിക്കാനാണ് ഇപ്പോൾ അവരുടെ തീരുമാനം. ഇനി തന്റെ ജീവിതം മകന്റെ മരണത്തിന് നീതി തേടിയുള്ള പോരാട്ടത്തിന് വേണ്ടിയാണെന്ന് അവർ പ്രഖ്യാപിച്ചു. കൗമാരക്കാരൻ പത്താം ക്ലാസ് പരീക്ഷ എഴുതാനായി ജാമ്യത്തിലിറങ്ങിയത് കുടുംബത്തെ കൂടുതൽ വേദനിപ്പിക്കുന്നു.












