ടി20 ലോകകപ്പിന്റെ ആവേശകരമായ സൂപ്പർ-8 പോരാട്ടങ്ങൾക്കൊരുങ്ങുന്ന ഇന്ത്യക്ക് മുന്നിൽ ടീം സെലക്ഷനെച്ചൊല്ലി പുതിയ ചർച്ചകൾ സജീവമാകുന്നു. ഫെബ്രുവരി 22-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന നിർണ്ണായക മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം വരുൺ ആരോൺ പറഞ്ഞിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കൻ നിരയിലെ ഇടങ്കയ്യൻ ബാറ്റർമാരെ തളയ്ക്കാൻ വാഷിംഗ്ടൺ സുന്ദറിന്റെ ഓഫ് സ്പിൻ മികച്ച ആയുധമാകുമെന്നാണ് വരുൺ ആരോൺ വിലയിരുത്തുന്നത്. എന്നാൽ അക്സർ പട്ടേലിനെ മാറ്റുന്നതിനോട് മുൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ വിയോജിക്കുന്നു. ദക്ഷിണാഫ്രിക്കൻ ടീമിന്റെ ടോപ്പ് ഓർഡറിലെ ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കിൾട്ടൺ എന്നീ ഇടങ്കയ്യൻമാരെ പുറത്താക്കാൻ സുന്ദർ അത്യന്താപേക്ഷിതമാണെന്ന് ആരോൺ പറയുന്നു.
“അർഷ്ദീപ് സിംഗിനെ ഒഴിവാക്കി വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിക്കുക. ബുംറയും ഹാർദിക്കും പേസ് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യുമ്പോൾ സ്പിൻ നിരയിൽ സുന്ദർ കൂടുതൽ ഓപ്ഷനുകൾ നൽകും.”
വലിയ ഒരു പരിക്കിന് ശേഷം ഇന്നലത്തെ മത്സരത്തിലൂടെ ടീമിൽ തിരിച്ചെത്തിയ സുന്ദർ 4 ഓവറിൽ 36 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടിയിരുന്നില്ല. അതേസമയം വാഷിംഗ്ടൺ സുന്ദറിന് വേണ്ടി വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിനെ മാറ്റുന്നത് ശരിയല്ലെന്ന് സഞ്ജയ് ബംഗാർ അഭിപ്രായപ്പെട്ടു. ഈ ലോകകപ്പിൽ 3 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകൾ വീഴ്ത്തിയ അക്സർ 6.64 എന്ന മികച്ച ഇക്കണോമിയിലാണ് പന്തെറിയുന്നത്.












