ബ്രിട്ടീഷ് രാജകുടുംബത്തെയും ലോകത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ രാജകുമാരൻ അറസ്റ്റിൽ. പൊതുപദവി ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിനാണ് (Misconduct in public office) ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഏറെ നാളായി ബ്രിട്ടീഷ് കൊട്ടാരത്തിന് തലവേദനയായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ ലൈംഗിക വിവാദക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ആൻഡ്രൂ രാജകുമാരനെതിരെയുള്ള പുതിയ നടപടി. രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാൾ ഇത്തരത്തിൽ ഒരു കേസിൽ അറസ്റ്റിലാകുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമായാണ്.
കുപ്രസിദ്ധ കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ആൻഡ്രൂവിന്റെ അടുത്ത സൗഹൃദം നേരത്തെ തന്നെ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. എപ്‌സ്റ്റീൻ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന ആരോപണം ആൻഡ്രൂവിനെതിരെ ഉയർന്നതിനെത്തുടർന്ന് രാജകീയ പദവികളിൽ നിന്നും സൈനിക സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നേരത്തെ തന്നെ നീക്കിയിരുന്നു. എന്നാൽ നിലവിൽ പൊതുപദവിയിലിരുന്ന് കൊണ്ട് നടത്തിയ ക്രമക്കേടുകളും ചട്ടലംഘനങ്ങളുമാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആൻഡ്രൂവിനെതിരെ ഉയർന്ന സിവിൽ ലൈംഗിക പീഡനക്കേസ് കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചിരുന്നെങ്കിലും പുതിയ അന്വേഷണം അദ്ദേഹത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.
ബിബിസി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ലണ്ടൻ പോലീസ് ആൻഡ്രൂവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആൻഡ്രൂവിന്റെ അറസ്റ്റ് വാർത്ത പുറത്തുവന്നതോടെ ബക്കിംഗ്ഹാം കൊട്ടാരം പ്രതിരോധത്തിലായിരിക്കുകയാണ്. ചാൾസ് രാജാവ് അധികാരമേറ്റ ശേഷം കൊട്ടാരത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്വന്തം സഹോദരൻ തന്നെ അഴിമതിയും കുറ്റകൃത്യങ്ങളും ആരോപിക്കപ്പെട്ട് പിടിയിലാകുന്നത്. വിഷയത്തിൽ ഇതുവരെ കൊട്ടാരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കടുത്ത നിയമനടപടികളിലേക്കും വിചാരണയിലേക്കും കേസെത്തുകയാണെങ്കിൽ ആൻഡ്രൂ രാജകുമാരന് ജയിൽ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധർ നൽകുന്ന സൂചന. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ തന്നെ അതീവ പ്രാധാന്യത്തോടെയാണ് ഈ അറസ്റ്റ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.













Discussion about this post