ടി20 ലോകകപ്പിൽ വമ്പൻ അട്ടിമറികളുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സിക്കന്ദർ റാസയുടെ സിംബാബ്‌വെ. കരുത്തരായ ഓസ്‌ട്രേലിയയെയും മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെയും മുട്ടുകുത്തിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സിംബാബ്‌വെ സൂപ്പർ-8 പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്.
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ശ്രീലങ്ക ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് പന്ത് ബാക്കിനിൽക്കെ സിംബാബ്‌വെ മറികടന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി സിംബാബ്‌വെ സൂപ്പർ-8 പോരാട്ടത്തിന് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ഒരൊറ്റ മത്സരത്തിൽ പോലും തോൽക്കാതെയാണ് സിംബാബ്‌വെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നത്. ശ്രീലങ്ക, ഓസ്‌ട്രേലിയ, അയർലൻഡ് തുടങ്ങിയ കരുത്തർ ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയത് ആഫ്രിക്കൻ കരുത്തിന്റെ വിളംബരമായി മാറി.
ലങ്ക ഉയർത്തിയ 179 റൺസ് പിന്തുടർന്ന സിംബാബ്‌വെയ്ക്ക് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ തഡിവനാഷെ മരുമണിയും (27) ബ്രയാൻ ബെന്നറ്റും ചേർന്ന് നൽകിയത്. തുടക്കത്തിൽ സമ്മർദ്ദത്തിലായിരുന്ന സിംബാബ്‌വെയെ തുടർച്ചയായ ബൗണ്ടറികളിലൂടെ മരുമണി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ക്യാപ്റ്റൻ സിക്കന്ദർ റാസ (45 റൺസ്, 26 പന്ത്) കളിയുടെ ഗതി മാറ്റി. പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. 48 പന്തിൽ 63 റൺസുമായി പുറത്താകാതെ നിന്ന യുവതാരം ബ്രയാൻ ബെന്നറ്റാണ് വിജയറൺ കുറിച്ചത്.
ടി20 ക്രിക്കറ്റിലെ സിംബാബ്‌വെയുടെ രണ്ടാമത്തെ ഏറ്റവും ഉയർന്ന റൺ ചേസ് ആണിത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് എടുത്തത്. ഓപ്പണർ പതും നിസങ്ക (62 റൺസ്, 41 പന്ത്) മികച്ച പ്രകടനം കാഴ്ചവെച്ചു. പവൻ രത്‌നായകെ (44 റൺസ്, 25 പന്ത്) അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ടാണ് സ്കോർ 170 കടത്തിയത്. സൂപ്പർ-8 റൗണ്ടിൽ ഗ്രൂപ്പ് ചാമ്പ്യന്മാർ തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. നിലവിൽ തങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനക്കാരായി എത്തിയ ഈ നാല് ടീമുകൾ ഒരേ ഗ്രൂപ്പിൽ ആണ്.
ഇന്ത്യ (ഗ്രൂപ്പ് ടോപ്പർ)
സൗത്ത് ആഫ്രിക്ക (ഗ്രൂപ്പ് ടോപ്പർ)
വെസ്റ്റ് ഇൻഡീസ് (ഗ്രൂപ്പ് ടോപ്പർ)
സിംബാബ്‌വെ (ഗ്രൂപ്പ് ടോപ്പർ)












