ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഒമാനും ഇന്ന് ഏറ്റുമുട്ടും. ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ഓസ്‌ട്രേലിയയെ തകർക്കാൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് ഒമാൻ നായകൻ ജതീന്ദർ സിംഗ് പറഞ്ഞു.
സിംബാബ്‌വെയോടും ശ്രീലങ്കയോടും തോറ്റ് ലോകകപ്പിൽ നിന്ന് നാണംകെട്ട് പുറത്തായ ഓസ്‌ട്രേലിയയെ തങ്ങളുടെ അവസാന മത്സരത്തിൽ അട്ടിമറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഒമാൻ. തങ്ങളുടെ മൂന്ന് മത്സരങ്ങളും തോറ്റ ഒമാൻ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണെങ്കിലും ഓസ്‌ട്രേലിയയുടെ നിലവിലെ മോശം ഫോം തങ്ങൾക്ക് അനുകൂലമാകുമെന്ന് ജതീന്ദർ സിംഗ് വിശ്വസിക്കുന്നു.
“ഇതൊരു വലിയ അവസരമാണ്. ടി20 എന്നത് നിമിഷങ്ങളുടെ കളിയാണ്. ഓസ്‌ട്രേലിയ ഇപ്പോൾ മികച്ച ഫോമിലല്ല, അവരെ തകർക്കാൻ പറ്റിയ സമയമാണിത്. ഞങ്ങളുടെ വലിയ പോസിറ്റീവ് ആണ് അവരുടെ ഈ മോശം ഫോം.”
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത് രണ്ടാം തവണ മാത്രമാണ് ഓസ്‌ട്രേലിയയും ഒമാനും നേർക്കുനേർ വരുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു ഇവർ ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് 164 റൺസ് പിന്തുടർന്ന ഒമാൻ 39 റൺസിന് തോറ്റിരുന്നു. മാർക്കസ് സ്റ്റോയിനിസിന്റെ തകർപ്പൻ ഓൾറൗണ്ട് പ്രകടനമാണ് അന്ന് ഓസീസിനെ രക്ഷിച്ചത്.
ഐറിഷ് ടീമിനെതിരെ ജയിച്ച് തുടങ്ങിയ ഓസ്‌ട്രേലിയക്ക് പിന്നീട് അടിതെറ്റുകയായിരുന്നു. പ്രധാന താരങ്ങളായ ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവരുടെ അഭാവം ടീമിനെ കാര്യമായി ബാധിച്ചു. സിംബാബ്‌വെയോടുള്ള തോൽവി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വലിയ അട്ടിമറികളിലൊന്നായി മാറി.












