2024 ടി20 ലോകകപ്പ് ഫൈനലിലെ ആ കനത്ത തോൽവി ദക്ഷിണാഫ്രിക്കൻ താരങ്ങളെ എത്രത്തോളം തളർത്തിയെന്ന് വെളിപ്പെടുത്തി ഓപ്പണർ ക്വിന്റൺ ഡി കോക്ക്. ഇന്ന് അഹമ്മദാബാദിൽ ഇന്ത്യയ്ക്കെതിരായ സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂണിൽ ബാർബഡോസിൽ നടന്ന ഫൈനലിൽ വെറും ഏഴ് റൺസിനാണ് ദക്ഷിണാഫ്രിക്ക കിരീടം കൈവിട്ടത്. ആ തോൽവി നൽകിയ മുറിവ് ഉണങ്ങാൻ ഓരോ താരവും സ്വന്തം വഴികളാണ് തിരഞ്ഞെടുത്തതെന്ന് ഡി കോക്ക് പറയുന്നു. “സത്യം പറഞ്ഞാൽ, ആ ദിവസത്തിന് ശേഷം ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആരോടും ഒന്നും പറയണമെന്ന് ആർക്കും തോന്നിയില്ല. ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് പോയി, ആ വിഷമത്തിൽ നിന്ന് കരകയറാൻ സ്വന്തം വഴികൾ കണ്ടെത്തി. ഒരു ടീം എന്ന നിലയിൽ അത് ചർച്ച ചെയ്യേണ്ടി വന്നില്ല,” ഡി കോക്ക് വ്യക്തമാക്കി. വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് തിരിച്ചെത്തിയ ഡി കോക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി മാത്രമാണ് ടീമിനൊപ്പം വീണ്ടും ചേർന്നത്.
ഇന്ത്യക്കെതിരെ കളിക്കുമ്പോൾ ഡി കോക്കിന് എപ്പോഴും പ്രത്യേക കരുത്തുണ്ട്. 15 ഇന്നിംഗ്‌സുകളിൽ നിന്ന് 150 സ്ട്രൈക്ക് റേറ്റിൽ 507 റൺസ് അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതിൽ ആറ് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. 2025 ഡിസംബറിൽ നടന്ന പരമ്പരയിലും അദ്ദേഹം മികച്ച ഫോമിലായിരുന്നു. അഹമ്മദാബാദിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ വീണ്ടും വലിയ സ്കോറുകൾ പിറക്കുമെന്നാണ് ഡി കോക്കിന്റെ പ്രതീക്ഷ.
“ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾ എപ്പോഴും മികച്ച വിക്കറ്റുകളിലാണ് നടക്കാറുള്ളത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി അഹമ്മദാബാദിലും വലിയ സ്കോറുകൾ വരുന്നുണ്ട്. എങ്കിലും നാളെ എന്തും സംഭവിക്കാം. ദിവസാവസാനം ഇന്ത്യയേക്കാൾ കൂടുതൽ റൺസ് നേടുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം കൂട്ടിചേർത്തു.












