ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സന്ദർശനം നടത്തുന്നു. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിക്കുന്നത്.
ശനിയാഴ്ച രാത്രി ചെന്നൈയിലെത്തിയ അദ്ദേഹം ഇന്ന് പുതുച്ചേരിയിലേക്കും തുടർന്ന് മധുരയിലേക്കും പോകും. തമിഴ്‌നാട്ടിൽ 4,400 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. ചെന്നൈ ബീച്ചിനും എഗ്‌മൂറിനും ഇടയിലുള്ള നാലാമത്തെ റെയിൽവേ പാത അദ്ദേഹം നാടിന് സമർപ്പിക്കും. കൂടാതെ, സംസ്ഥാനത്തെ എട്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. NH-332A, NH-87 എന്നീ ദേശീയപാതകളുടെ വീതി കൂട്ടൽ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. മരക്കാണം-പുതുച്ചേരി, പരമകുടി-രാമനാഥപുരം ഭാഗങ്ങൾ നാലുവരി പാതകളായി ഉയർത്തും.
പുതുച്ചേരിയിൽ 2,700 കോടി രൂപയുടെ പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്യുന്നത്. പിഎം ഇ-ബസ് സേവ’യ്ക്ക് കീഴിൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും. സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും ഉദ്ഘാടനം ചെയ്യും. 750 ഏക്കറിൽ പരന്നുകിടക്കുന്ന കാരസൂർ-സെദാരാപ്പെട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രധാനമന്ത്രി തുറന്നുകൊടുക്കും. ഇതിൽ ഫാർമ പാർക്ക്, ടെക്സ്റ്റൈൽ പാർക്ക്, ഐടി പാർക്ക് എന്നിവ കൂടാതെ ഐഐടി മദ്രാസിന്റെ റിസർച്ച് സെന്ററും ജിപ്‌മറിന്റെ അത്യാധുനിക ആരോഗ്യ കേന്ദ്രവും ഉൾപ്പെടും.”
മധുരയിലെ തിരുപ്പരങ്കുൻറം അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നടത്തുന്ന സന്ദർശനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്.









