ടെൽ അവീവ് : വടക്കൻ ഇസ്രായേലിലെ ഹൈഫയ്ക്ക് സമീപം ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേൽ. ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ആണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയത്.
ആക്രമണത്തിൽ 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനന്റെ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പരമോന്നത നേതാവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിന്റെ നേരെ റോക്കറ്റ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇസ്രായേലിൽ കാര്യമായ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ഹിസ്ബുള്ള ഈ ആക്രമണത്തിന് കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രതിരോധ സേന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം ഇസ്രായേലിന് ആക്രമണങ്ങൾ വർദ്ധിപ്പിക്കാൻ ഒഴികഴിവുകൾ നൽകിയെന്ന് ലബനൻ ഭരണകൂടവും ഹിസ്ബുള്ളയെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐഡിഎഫ് ലെബനനിൽ ബോംബിംഗ് നടത്തിയത്.









