2026 ടി20 ലോകകപ്പിലെ സഞ്ജു സാംസണിന്റെ ബാറ്റിംഗ് പ്രകടനത്തെ ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് മഹാമേരുക്കളായ വിരാട് കോഹ്‌ലിയോടും രോഹിത് ശർമ്മയോടും ഉപമിച്ച് ലെഗ് സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ. ടൂർണമെന്റിന്റെ പകുതി വഴിയിൽ മാത്രം ടീമിലെത്തി പ്ലെയർ ഓഫ് ദി ടൂർണമെന്റ് വരെയായി മാറിയ സഞ്ജുവിന്റെ പോരാട്ടം ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവായാണ് കുംബ്ലെ വിശേഷിപ്പിച്ചത്.
കോഹ്‌ലിയെയും രോഹിത്തിനെയും പകരം വെക്കാൻ മറ്റൊരു താരം പ്രയാസമാണെന്ന് പറഞ്ഞ കുംബ്ലെ, സഞ്ജുവിൽ ഇവരുടെ രണ്ടുപേരുടെയും ഗുണങ്ങൾ ഒരേപോലെ സമ്മേളിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. “സഞ്ജു വിരാടിനെയും രോഹിത്തിനെയും പോലെയാണ്. സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോൾ വിക്കറ്റ് പോകാതെ ഇന്നിംഗ്സ് പടുത്തുയർത്തുന്ന വിരാടിന്റെ നിയന്ത്രണം സഞ്ജുവിനുണ്ട്. എന്നാൽ പവർപ്ലേയിൽ ബൗളർമാരെ കടന്നാക്രമിക്കാൻ രോഹിത്തിനെപ്പോലെ ആക്രമണകാരിയാകാനും അദ്ദേഹത്തിന് സാധിക്കുന്നു.” കുംബ്ലെ നിരീക്ഷിച്ചു.
സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസോടെ തുടങ്ങിയ സഞ്ജു പിന്നീട് ലോകകപ്പിന്റെ ഗതി തന്നെ മാറ്റിമറിച്ചു. സെമി ഫൈനലിലും ഫൈനലിലും ബാക്ക്-ടു-ബാക്ക് 89 റൺസ് വീതം നേടി സഞ്ജു ഇന്ത്യയുടെ വിജയശില്പിയായി. വെറും 5 ഇന്നിംഗ്‌സുകളിൽ നിന്ന് 321 റൺസ് നേടിയ സഞ്ജു, ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തമാക്കി.
ഇന്ത്യൻ ടീം ഒരു ലോകകപ്പിൽ 100 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ടീമായപ്പോൾ അതിൽ സിംഹഭാഗവും സഞ്ജുവിന്റെ വകയായിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ചുകൂട്ടിയതും ഈ മലയാളി താരം തന്നെയാണ്. സ്വാഭാവികമായ ശൈലിയും ക്ലാസ്സും ഒത്തുചേർന്ന സഞ്ജുവിന്റെ ബാറ്റിംഗ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.












