ഇന്ത്യ ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ മലയാളികളുടെ അഭിമാനമായി മാറിയ സഞ്ജു സാംസൺ എന്ന പ്രതിഭയെ വാർത്തെടുത്ത കഥ പങ്കുവെച്ച് പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജുവിനെ കുട്ടിക്കാലത്ത് സച്ചിൻ ടെണ്ടുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും ബാറ്റിംഗ് ശൈലി മാത്രമേ താൻ പഠിപ്പിച്ചിട്ടുള്ളൂ എന്ന് അദ്ദേഹം വെളിപ്പെടുത്തി.
സഞ്ജു ബാറ്റിംഗ് തുടങ്ങുമ്പോൾ തന്നെ ലോകത്തിലെ മികച്ച രണ്ട് താരങ്ങളെ മാത്രം മാതൃകയാക്കാൻ താൻ നിർബന്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.”സഞ്ജുവിന് നാല് വയസ്സുള്ളപ്പോൾ മുതൽ സച്ചിൻ സാറിന്റെയും ദ്രാവിഡ് സാറിന്റെയും ബാറ്റിംഗ് വീഡിയോകൾ മാത്രമേ ഞാൻ അവനെ കാണിച്ചിരുന്നുള്ളൂ. അവരെ നോക്കി പഠിക്കാനാണ് ഞാൻ കുട്ടികളോട് പറഞ്ഞിരുന്നത്. ആ ക്ലാസ്സിക് ശൈലിയാണ് സഞ്ജുവിന്റെ ബാറ്റിംഗിന്റെ അടിസ്ഥാനം.”
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഞ്ജുവിന്റെ സ്വാഭാവിക ശൈലിയിൽ മാറ്റങ്ങൾ വന്നിരുന്നുവെന്നും എന്നാൽ ഈ ലോകകപ്പിൽ അവൻ തന്റെ പഴയ ‘ക്ലാസ്’ വീണ്ടെടുത്തുവെന്നും പിതാവ് നിരീക്ഷിച്ചു. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾക്കെതിരെ സഞ്ജു കളിച്ചത് അതീവ ശാന്തനായാണ്. ഒരു സമ്മർദ്ദവുമില്ലാതെ, കൃത്യമായ ടൈമിംഗോടെയാണ് പന്ത് ബാറ്റിന്റെ മധ്യത്തിൽ തട്ടിയത്. ഴയ ഫോമിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോൾ സഞ്ജുവിന് ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. ന്യൂസിലൻഡ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാകുമോ എന്ന് പോലും പലരും സംശയിച്ചിരുന്നു. എന്നാൽ എല്ലാത്തിനെയും അതിജീവിച്ച് അവൻ തിരിച്ചുവന്നു.
ടൂർണമെന്റിലെ താരമായി (Player of the Tournament) തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്റെ പ്രകടനം വിസ്മയിപ്പിക്കുന്നതായിരുന്നു.












