കേരള രാഷ്ട്രീയത്തിലെ അതികായനായ കെ. കരുണാകരൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ബിജെപിയിൽ ചേരുമായിരുന്നു എന്ന് മകളും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പത്മജ വേണുഗോപാൽ. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പത്മജ നടത്തിയത്. ലീഡറുടെ അനുഗ്രഹം എപ്പോഴും തന്റെ കൂടെയുണ്ടെന്നും തൃശൂരിൽ ഇത്തവണ താമര വിരിയുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും കോൺഗ്രസിലെ തമ്മിലടി തീർക്കാൻ തന്നെ വലിയ പാടാണെന്നും പത്മജ പരിഹസിച്ചു. “ബിജെപിയിൽ വലിയ ടെൻഷനില്ല, പ്രവർത്തകർ പറയുന്ന വഴിയിൽ പോയാൽ മതി. അവരെല്ലാം കാര്യങ്ങൾ നോക്കിക്കോളും, നമുക്ക് സമാധാനമായി ഉറങ്ങാം,” പത്മജ പറഞ്ഞു. ലീഡറുടെ മകളല്ലേ എന്ന സ്നേഹത്തോടെ വോട്ടർമാർ തനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. അച്ഛൻ ഒരിക്കലും എൽഡിഎഫുമായി ചേരില്ലെന്ന് കരുതിയവർക്ക് മുന്നിൽ അദ്ദേഹം അന്ന് മുന്നണി മാറിയത് ചൂണ്ടിക്കാട്ടിയ പത്മജ, കോൺഗ്രസ് രാഷ്ട്രീയത്തോട് അച്ഛന് അത്രമേൽ മടുപ്പുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹം ഇന്ന് ബിജെപിയിൽ എത്തുമായിരുന്നുവെന്നും വ്യക്തമാക്കി.
തന്റെ സഹോദരൻ കെ. മുരളീധരന് കോൺഗ്രസിൽ നീതി ലഭിക്കുന്നില്ലെന്നും പത്മജ കുറ്റപ്പെടുത്തി. രാഷ്ട്രീയവും വ്യക്തിപരമായ കാര്യങ്ങളും രണ്ടാണ്, പാർട്ടി ജയിക്കണമെന്നാണ് തന്റെ ആഗ്രഹം. അച്ഛനും സഹോദരനും മുൻപ് പാർട്ടി വിട്ടപ്പോഴും താൻ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നു, എന്നാൽ പാർട്ടി തന്നെ ദ്രോഹിക്കുകയാണ് ചെയ്തത്. തൃശൂരിലെ ജനങ്ങൾ ‘പത്മേച്ചിക്ക് ഒരു വോട്ട്’ എന്ന നിലപാടിലാണെന്നും ഇത് വലിയ പോസിറ്റീവ് തരംഗമാണെന്നും അവർ കൂട്ടിച്ചേർത്തു.












