മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്തെ തുടർന്ന് ബ്യൂട്ടി സ്പാ ജീവനക്കാരിയായ കാമുകിയെ വകവരുത്താൻ പെൺവേഷത്തിലെത്തിയ കാമുകനും കൂട്ടാളികളും ഗുരുവായൂരിൽ പിടിയിലായി. പോലീസിന്റെ രാത്രികാല പട്രോളിംഗിനിടെയാണ് സിനിമയെ വെല്ലുന്ന കൊലപാതക പദ്ധതി പൊളിഞ്ഞത്. സംഭവത്തിൽ സ്ത്രീവേഷത്തിൽ എത്തിയ കാമുകൻ ഉൾപ്പെടെ അഞ്ചംഗ ക്രിമിനൽ സംഘത്തെ ഗുരുവായൂർ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് നാലാം തീയതി രാവിലെ ഗുരുവായൂർ പടിഞ്ഞാറേനടയിൽ ബൈക്കിൽ സ്ത്രീവേഷം ധരിച്ച് സംശയകരമായ സാഹചര്യത്തിൽ നിന്നയാളെയും സുഹൃത്തിനെയും പട്രോളിംഗ് നടത്തിയിരുന്ന പോലീസ് സംഘം തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തുവന്നത്. സ്ത്രീവേഷത്തിലുണ്ടായിരുന്നത് ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ തൊടുപുഴ മുട്ടം ചോലാമറ്റത്തിൽ പ്രസാദ് (43) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്നത് വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ തൊടുപുഴ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23) ആയിരുന്നു. വേഷപ്രച്ഛന്നനായി എത്തി കാമുകിയെ വകവരുത്താനായിരുന്നു പ്രതികളുടെ പദ്ധതി.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ വൈകീട്ടോടെ തൊടുപുഴ രജിസ്‌ട്രേഷനിലുള്ള കാറിൽ ഗുരുവായൂർ നഗരത്തിൽ കറങ്ങുകയായിരുന്ന സംഘത്തിലെ മറ്റ് മൂന്ന് പേരെക്കൂടി പോലീസ് പൊക്കി. ഇളങ്കുന്നപ്പുഴയും തൊടുപുഴയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൊടുപുഴ മുട്ടം തൈപറമ്പിൽ ബിനീഷ് (26), മുട്ടം തോട്ടുകര തേങ്ങിൽ ഷാഹിദ് അലി (24), മണക്കാട് കാരക്കുന്നേൽ സ്റ്റീഫൻ (32) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവരിൽ നിന്നും 16 ഗ്രാം കഞ്ചാവും കൊലപാതകത്തിന് ഉപയോഗിക്കാൻ കൊണ്ടുവന്ന ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. കുപ്രസിദ്ധ ക്രിമിനലുകൾ ഉൾപ്പെട്ട സംഘത്തെ കൃത്യസമയത്ത് പിടികൂടാൻ കഴിഞ്ഞതോടെ വലിയൊരു കൊലപാതക ശ്രമമാണ് ഗുരുവായൂർ ടെംപിൾ പോലീസ് തടഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.











