കാഠ്മണ്ഡു : ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. ‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ എന്ന് ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെ നേപ്പാൾ പ്രധാനമന്ത്രി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വികസിക്കുമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പ്രത്യാശ പ്രകടിപ്പിച്ചു. നേപ്പാൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബാലേന്ദ്ര ഷായെ വെള്ളിയാഴ്ച പ്രധാനമന്ത്രി മോദി അഭിനന്ദിച്ചിരുന്നു.
നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതുചരിത്രം കുറിച്ചുകൊണ്ടാണ് 35 വയസ്സുകാരനായ ബാലേന്ദ്ര ഷാ നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഇന്നലെ അധികാരമേറ്റിരുന്നത്. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി പദത്തിൽ എത്തിയ ബാലേന്ദ്ര ഷായെ ഇന്ത്യൻ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മോദിക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജി, താങ്കളുടെ ഊഷ്മളമായ വാക്കുകൾക്കും ആശംസകൾക്കും നന്ദി. നമ്മുടെ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുവായ അഭിവൃദ്ധിക്കായി ഇന്ത്യയുമായുള്ള ബഹുതല ബന്ധം മെച്ചപ്പെടുത്താൻ താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.








