ടെഹ്റാൻ : ഇറാന്റെ അഭിമാന സ്തംഭമായിരുന്ന ബി1 പാലം അമേരിക്കൻ വ്യോമാക്രമണത്തിൽ തകർന്നതിന് പിന്നാലെ, ഗൾഫ് മേഖലയിലെ എട്ട് പ്രധാന പാലങ്ങൾ തകർക്കുമെന്ന് ഭീഷണിയുമായി ഇറാൻ. ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും എട്ട് തന്ത്രപ്രധാനമായ പാലങ്ങളുടെ ‘ഹിറ്റ് ലിസ്റ്റ്’ ഇറാൻ പുറത്തുവിട്ടു. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ ആണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെയും കാരജിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ തൂക്കുപാലമായ ബി1 അമേരിക്ക തകർത്ത് അതിനുള്ള മറുപടിയായാണ് ഗൾഫ് രാഷ്ട്രങ്ങളിലെ പാലങ്ങൾ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നത്.
136 മീറ്റർ ഉയരമുള്ള ബി1 പാലം പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നായിരുന്നു. 400 മില്യൺ ഡോളർ ചിലവിൽ നിർമ്മിച്ച ഈ പാലം ഉടൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തകർക്കപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് അമേരിക്കൻ ബി-1ബി ലാൻസർ ബോംബറുകൾ ഇറാന്റെ ബി1 പാലത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇറാന്റെ ‘ഹിറ്റ് ലിസ്റ്റ്’ പ്രകാരം ലക്ഷ്യമിടുന്ന 8 പാലങ്ങൾ ഇവയാണ്,
ലോകത്തിലെ ഏറ്റവും നീളമേറിയ കടൽ പാലങ്ങളിലൊന്നായ കുവൈറ്റിലെ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് കോസ്‌വേ,
സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന ഏക കരമാർഗ്ഗമായ കിംഗ് ഫഹദ് കോസ്‌വേ, യുഎഇയിലെ അബുദാബിയിലെ പ്രധാന ഗതാഗത മാർഗ്ഗമായ ഷെയ്ഖ് സായിദ് ബ്രിഡ്ജ്, യുഎഇയിലെ തന്നെ മറ്റു രണ്ടു പാലങ്ങളായ
അൽ മഖ്ത ബ്രിഡ്ജ്,
ഷെയ്ഖ് ഖലീഫ ബ്രിഡ്ജ്, ജോർദാനിലെ മൂന്ന് പ്രധാന പാലങ്ങളായ കിംഗ് ഹുസൈൻ ബ്രിഡ്ജ്, ദാമിയ ബ്രിഡ്ജ്,
അബ്ദൂൺ ബ്രിഡ്ജ് എന്നിവയാണ് ഇറാൻ ആക്രമിക്കാൻ തയ്യാറെടുക്കുന്ന പാലങ്ങൾ. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തതിന് ‘കണ്ണിന് കണ്ണ്’ എന്ന രീതിയിൽ തിരിച്ചടി നൽകുമെന്നാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) പ്രഖ്യാപിച്ചിരിക്കുന്നത്.








