തിരുവനന്തപുരം : ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ മണിക്കൂറിൽ 30-40 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഏപ്രിൽ 4 ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രിൽ 5 ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനൽ മഴയോടൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം, ഇടിമിന്നൽ സമയത്ത് വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ് വേർപെടുത്തുക. ജനലും വാതിലും അടച്ചിടുക, കാറ്റുള്ളപ്പോൾ മരച്ചുവട്ടിലോ താൽക്കാലിക ഷെഡുകൾക്ക് താഴെയോ നിൽക്കുന്നത് ഒഴിവാക്കണം, മഴയുള്ളപ്പോൾ കുളിക്കുന്നതും തുണി കഴുകുന്നതും ഒഴിവാക്കുക എന്നീ നിർദ്ദേശങ്ങൾ ആണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയിരിക്കുന്നത്.








