ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ (PoK) പാകിസ്ഥാൻ സൈന്യവും പോലീസും നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകൾക്കെതിരെ കനത്ത പ്രതിഷേധം പുകയുന്നു. ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) പാകിസ്ഥാന്റെ സാമ്പത്തിക ഉപരോധത്തിലും സൈനിക നടപടിയിലും ശ്വാസം മുട്ടുന്ന ജനങ്ങളെ രക്ഷിക്കാൻ ഇന്ത്യയോട് അടിയന്തര മാനുഷിക സഹായം അഭ്യർത്ഥിച്ചു. പാക് സൈന്യം വെടിയുതിർത്താൽ തങ്ങൾക്ക് നിയന്ത്രണരേഖ (LoC) കടന്ന് ഇന്ത്യയിലേക്ക് വരികയല്ലാതെ മറ്റ് വഴിയില്ലെന്നും, അതിനായി അതിർത്തികൾ തുറന്നുനൽകണമെന്നും ജെഎഎസി നേതാവ് സർദാർ അമൻ ഖാൻ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.
ഭക്ഷണവും മരുന്നും അടക്കമുള്ള അവശ്യസാധനങ്ങളുടെ വിതരണം തടഞ്ഞ് പാകിസ്ഥാൻ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിക്കുന്നു. കശ്മീരിലെ രജൗരി, പൂഞ്ച്, ദോഡ മേഖലകളിലെ നിയന്ത്രണങ്ങൾ നീക്കണമെന്നും, ശ്രീനഗർ, ലഡാക്ക്, ജമ്മു എന്നിവിടങ്ങളിലെ ജനങ്ങൾ തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും സർദാർ അമൻ ഖാൻ അഭ്യർത്ഥിച്ചു. ഭീകരവിരുദ്ധ നിയമപ്രകാരം പാകിസ്ഥാൻ ജെഎഎസിനെ നിരോധിച്ചതിന് പിന്നാലെയാണ് കശ്മീരിൽ വ്യാപക അടിച്ചമർത്തൽ ആരംഭിച്ചത്. പ്രമുഖ നേതാവ് ഷൗക്കത്ത് നവാസ് മിർ ഉൾപ്പെടെ അറുന്നൂറിലധികം പ്രവർത്തകരെയാണ് ഇതിനകം പാക് സുരക്ഷാസേന തടവിലാക്കിയത്.
അടിച്ചമർത്തലുകൾ ശക്തമായതോടെ മുസാഫറാബാദ്, റാവലകോട്ട്, മിർപൂർ, ദദ്യാൽ തുടങ്ങിയ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി. പ്രതിഷേധക്കാർക്ക് നേരെ പോലീസും പാകിസ്ഥാൻ റേഞ്ചേഴ്സും നടത്തിയ കണ്ണീർവാതക പ്രയോഗവും വെടിവെപ്പും സംഘർഷം രൂക്ഷമാക്കി. വെടിവെപ്പിൽ മുഹമ്മദ് യാക്കൂബ് എന്നൊരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദദ്യാൽ മേഖലയിൽ ജനരോഷം ശക്തമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിന്തിരിഞ്ഞോടേണ്ടി വന്നു. തദ്ദേശീയ വിഭവങ്ങളുടെ ന്യായമായ വിതരണം ഉറപ്പാക്കുക, പാരാമിലിട്ടറി സാന്നിധ്യം കുറയ്ക്കുക, കശ്മീരി അഭയാർത്ഥികൾക്കായി പാകിസ്ഥാൻ നീക്കിവെച്ചിരിക്കുന്ന സീറ്റുകൾ റദ്ദാക്കുക തുടങ്ങിയ 38 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.












