ബെംഗളൂരു : കർണാടകയിൽ സൈനിക പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം. ശനിയാഴ്ച ബല്ലാരിയിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. ബല്ലാരി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പി.ഡി. ഹള്ളി ഏരിയയിലാണ് സംഭവം. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി സൈനിക ഹെലികോപ്റ്ററിൽ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.
417 സൈനികർ പങ്കെടുത്ത വലിയ പരിശീലന ഗ്രൂപ്പിന്റെ ഭാഗമായിരുന്ന സൈനികരാണ് അപകടത്തിൽപ്പെട്ടത്. വാർഷിക പരിശീലനത്തിന്റെ ഭാഗമായി ഏകദേശം 800 അടി ഉയരത്തിൽ നിന്ന് വിമാനത്തിൽ നിന്നുമായിരുന്നു സൈനികർ ചാടിയത്. നിലത്തിറങ്ങുന്നതിന് ഏകദേശം 50 അടി മുകളിൽ വെച്ച് പാരാചൂട്ടിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സൈനികരുടെ കാലുകൾക്ക് ഒടിവുണ്ടായതായാണ് വിവരം.
അപകടം നടന്ന ഉടൻ തന്നെ സംഭവസ്ഥലത്ത് വെച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ബല്ലാരിയിലെ ഐടിഐ കോളേജ് ഗ്രൗണ്ടിൽ ലാൻഡ് ചെയ്ത സൈനിക ഹെലികോപ്റ്റർ വഴി ഇവരെ ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. സൈനിക കേന്ദ്രത്തിൽ നടന്ന സാധാരണ പരിശീലനത്തിനിടെയുണ്ടായ ചെറിയ അപകടമാണിതെന്നും സൈന്യം സ്വന്തം നിലയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതായും ബല്ലാരി സൂപ്രണ്ട് ഓഫ് പോലീസ് വ്യക്തമാക്കി.







