ന്യൂഡൽഹി : യുദ്ധഭൂമിയിലെ കുഴിബോംബ് ഭീഷണികളെ നിഷ്പ്രഭമാക്. സൈന്യത്തിന്റെ ടി-72 (T-72), ടി-90 (T-90) ടാങ്കുകളിൽ ഘടിപ്പിക്കാവുന്ന അത്യാധുനിക ‘ട്രോൾ’ (TRAWL) സംവിധാനങ്ങൾക്കായി പ്രതിരോധ മന്ത്രാലയം 975 കോടി രൂപയുടെ കരാർ ഒപ്പിട്ടു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് സുപ്രധാന കരാർ ഒപ്പിട്ടത്. യുദ്ധസമയത്ത് ശത്രുക്കൾ വിതറിയിരിക്കുന്ന കുഴിബോംബുകൾ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും മുന്നേറ്റത്തിന് വലിയ തടസ്സമാണ്. ഇത് പരിഹരിക്കാൻ ടാങ്കുകളുടെ മുൻഭാഗത്ത് ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണമാണ് ട്രോൾ അസംബ്ലി.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും ആഭ്യന്തരമായി നിർമ്മിച്ച ട്രോൾ സംവിധാനം ആയിരിക്കും ഇന്ത്യൻ സൈന്യത്തിന് ലഭിക്കുന്നത്.
കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അത്യാധുനിക ‘പ്രോക്സിമിറ്റി മാഗ്നറ്റിക് ഫ്യൂസ്’ ഘടിപ്പിച്ച കുഴിബോംബുകളെ പോലും തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ട്രോൾ സംവിധാനത്തിന് കഴിയും.
ടാങ്കുകൾ മുന്നോട്ട് നീങ്ങുമ്പോൾ അതിന് മുന്നിലുള്ള മണ്ണിലെ കുഴിബോംബുകളെ ട്രോൾ സംവിധാനം നീക്കം ചെയ്യുകയോ സുരക്ഷിതമായി പൊട്ടിച്ചു കളയുകയോ ചെയ്യുന്നു. ഇത് ടാങ്കുകൾക്ക് കടന്നുപോകാൻ സുരക്ഷിതമായ ഒരു പാത ഒരുക്കുന്നു.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) ആണ് ഈ ട്രോൾ സംവിധാനം രൂപകൽപ്പന ചെയ്തത്. ടാങ്കുകളുടെ വേഗത കുറയ്ക്കാതെ തന്നെ കുഴിബോംബുകൾ നീക്കം ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. കുഴിബോംബുകൾ നീക്കം ചെയ്യാൻ സൈനികർ നേരിട്ട് ഇറങ്ങേണ്ടതില്ലാത്തതിനാൽ യുദ്ധസമയത്ത് സൈന്യത്തിന്റെ നീക്കങ്ങളുടെ വേഗത വർദ്ധിപ്പിക്കാനും ഇതുമൂലം കഴിയും. പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ പ്രതിരോധ നിർമ്മാണ കമ്പനിയായ ഇലക്ട്രോ ന്യൂമാറ്റിക്സ് ആൻഡ് ഹൈഡ്രോളിക്സ് എന്നിവ ചേർന്നാണ് ഇന്ത്യൻ സൈനികർക്കായി ട്രോൾ സംവിധാനം നിർമിക്കുന്നത്.









