ബ്രസീലിൽ നടന്ന അന്താരാഷ്ട്ര ചീസ് മത്സരമായ ‘മുണ്ടിയൽ ഡോ ക്വിജോ ഡോ ബ്രസീൽ 2026’-ൽ മെഡലുകൾ വാരിക്കൂട്ടി ഇന്ത്യ. ആദ്യമായി മത്സരത്തിൽ പങ്കെടുത്ത ഇന്ത്യ ഒരു സൂപ്പർ ഗോൾഡ് ഉൾപ്പെടെ നാല് മെഡലുകൾ നേടിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്സിലൂടെയാണ് മോദി വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്.
ഇന്ത്യൻ ചീസുകൾ ലോക ശ്രദ്ധ നേടുകയാണെന്നും അന്താരാഷ്ട്ര ഡയറി മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എലിഫ്തീരിയ ഗുൽമാർഗ് (ബ്രീ സ്റ്റൈൽ) എന്ന ചീസ് വിഭാഗത്തിനാണ് ഏറ്റവും ഉയർന്ന ബഹുമതിയായ സൂപ്പർ ഗോൾഡ് ലഭിച്ചത്. ലഡാക്കിലെ ലേയിലുള്ള നോർഡിക് ഫാമിൽ നിന്നുള്ള ‘യാക് ചുർപി-സോഫ്റ്റ്’ (Yak Churpi), എലിഫ്തീരിയ ബ്രൂണോസ്റ്റ് (വേ ചീസ്) എന്നിവ രണ്ട് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി. എലിഫ്തീരിയ കാളി മിരി (ബെൽപർ നോൾ സ്റ്റൈൽ) വെള്ളി മെഡലും നേടി.
ഈ ചരിത്ര നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മൗസം നാരംഗ്, തെൻലേ നുർബു എന്നിവരെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. “ഇത്തരം വിജയങ്ങൾ ഇന്ത്യയിലെ ചെറുകിട ഡയറി മേഖലയെ ലോകവേദിയിൽ കൂടുതൽ കരുത്തുറ്റതാക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിക്കാനുള്ള സാധ്യതയെയാണ് ഇത് കാണിക്കുന്നത്,” അദ്ദേഹം കുറിച്ചു.









