കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് എംപി ശശി തരൂർ തന്നോട് സമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. പാർലമെന്റ് സമ്മേളനത്തിന് ശേഷമുള്ള ഫോട്ടോ ഷൂട്ടിനിടെ ഇരുവരും നടത്തിയ സംഭാഷണത്തെക്കുറിച്ചാണ് റിജിജു മനസ് തുറന്നത്. ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തൽ ഇപ്പോൾ വഴിമരുന്നിട്ടിരിക്കുന്നത്.
പാർലമെന്റ് സമ്മേളനം പിരിഞ്ഞതിന് പിന്നാലെ കിരൺ റിജിജുവിനൊപ്പമുള്ള ചിത്രം ശശി തരൂർ പങ്കുവെച്ചിരുന്നു. തന്നെ ആർക്കും ‘മഹിളാ വിരുദ്ധൻ’ എന്ന് വിളിക്കാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രിയോട് താൻ തമാശയായി പറഞ്ഞതായും തരൂർ എക്സിൽ കുറിച്ചിരുന്നു. എന്നാൽ ഇതിന്റെ പിന്നാമ്പുറ കഥയാണ് റിജിജു ഇപ്പോൾ വിശദീകരിച്ചത്. “കോൺഗ്രസ് ഒരുപക്ഷേ സ്ത്രീവിരുദ്ധമായിരിക്കാം, പക്ഷേ ഒരു സ്ത്രീയും ശശി തരൂരിനെ സ്ത്രീവിരുദ്ധനായി കാണില്ല എന്നാണ് തരൂർ എന്നോട് പറഞ്ഞത്,” റിജിജു വെളിപ്പെടുത്തി. തരൂരിന്റെ ഈ വിലയിരുത്തലിനോട് താൻ പൂർണ്ണമായും യോജിക്കുന്നുവെന്നും റിജിജു കൂട്ടിച്ചേർത്തു.
കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന് തരൂർ സമ്മതിച്ചോ എന്ന ചോദ്യത്തിന്, “അതായിരുന്നു തരൂർ അർത്ഥമാക്കിയത്. ഒരു തരത്തിൽ കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന് അദ്ദേഹം അംഗീകരിച്ചു. തരൂർ സ്ത്രീവിരുദ്ധനല്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി അങ്ങനെയാണെന്നും ഞാനും അംഗീകരിച്ചു,” എന്നായിരുന്നു റിജിജുവിന്റെ മറുപടി. പാർലമെന്ററി കാര്യ മന്ത്രിയായ റിജിജുവിനെ ‘ചാമിങ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു തരൂർ ചിത്രം പങ്കുവെച്ചിരുന്നത്. സ്ത്രീ ശാക്തീകരണത്തിന് താൻ അനുകൂലമാണെന്നും എന്നാൽ മണ്ഡല പുനർനിർണ്ണയം പോലുള്ള അപകടകരമായ കാര്യങ്ങളുമായി അതിനെ ബന്ധിപ്പിക്കരുതെന്നും തരൂർ മുൻപ് വ്യക്തമാക്കിയിരുന്നു. സ്വന്തം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരൂരിലെ വാക്കുകൾ ബിജെപി രാഷ്ട്രീയ ആയുധമാക്കാനാണ് സാധ്യത. കിരൺ റിജിജുവിന്റെ പുതിയ വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. തരൂരും റിജിജുവും തമ്മിലുള്ള ഈ സൗഹൃദ സംഭാഷണവും അതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദവും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.








