ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് ലുങ്കി എൻഗിഡിക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. ആ സമയത്ത് സ്റ്റേഡിയത്തിന് പുറത്ത് ഗതാഗത നിയന്ത്രണ ചുമതലയുണ്ടായിരുന്ന സെൻട്രൽ ഡിസ്ട്രിക്ട് ട്രാഫിക് എസിപി സഞ്ജയ് സിംഗാണ് താരത്തിന് രക്ഷകനായി മാറിയത്.
തലയ്ക്കും കഴുത്തിനും പരിക്കേറ്റ് ആംബുലൻസിനുള്ളിൽ ഓക്സിജൻ മാസ്ക് വെച്ച് കിടക്കുന്ന താരത്തെ കണ്ടപ്പോൾ തന്നെ സഞ്ജയ് സിംഗിന് അപകടത്തിന്റെ തീവ്രത മനസ്സിലായി. ആംബുലൻസ് ഡ്രൈവർ ഗൂഗിൾ മാപ്പ് നോക്കി പോകാമെന്ന് പറഞ്ഞെങ്കിലും എസിപി അത് സമ്മതിച്ചില്ല. വൈകുന്നേരം 6:15-ലെ കനത്ത ട്രാഫിക്കിൽ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാൽ, അദ്ദേഹം സ്വന്തം നിർദ്ദേശപ്രകാരം ഒരു ‘ഗ്രീൻ കോറിഡോർ’ ഒരുക്കാൻ തീരുമാനിച്ചു. ട്രാഫിക് ഇൻസ്പെക്ടർമാരുമായി നിരന്തരം ബന്ധപ്പെട്ട് വെറും 11 മിനിറ്റ് കൊണ്ടാണ് 8 കിലോമീറ്റർ അകലെയുള്ള ബിഎൽകെ-മാക്സ് ആശുപത്രിയിൽ ആംബുലൻസ് എത്തിയത്.
ഡൽഹി പോലീസിന് വേണ്ടി 12 വർഷം ക്രിക്കറ്റ് കളിച്ചിട്ടുള്ള വ്യക്തിയാണ് സഞ്ജയ് സിംഗ്. “തലയ്ക്കേൽക്കുന്ന പരിക്കുകൾ എത്രത്തോളം അപകടകരമാണെന്ന് എനിക്കറിയാം. മുൻ ഇന്ത്യൻ താരം രാമൻ ലാംബയ്ക്ക് സംഭവിച്ച ദുരന്തം നമുക്കെല്ലാം ഓർമ്മയുണ്ട്. ഞാൻ അദ്ദേഹത്തിനൊപ്പം കളിച്ചിട്ടുള്ളതാണ്. എൻഗിഡിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അത് രാജ്യത്തിന് തന്നെ നാണക്കേടായേനെ. അതുകൊണ്ടാണ് ഞാൻ വേഗത്തിൽ ഇടപെട്ടത്,” സഞ്ജയ് സിംഗ് പറയുന്നു.
ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ് എന്നിവർക്കൊപ്പമെല്ലാം ഡിഡിസിഎ ലീഗിൽ കളിച്ചിട്ടുള്ള താരമാണ് സഞ്ജയ് സിംഗ്. ഫോമിൽ നിന്നിരുന്ന മുഹമ്മദ് കൈഫിന്റെ വിക്കറ്റ് താൻ വീഴ്ത്തിയ കാര്യം അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു. ലി: കോഹ്‌ലിക്ക് 15-16 വയസ്സുള്ളപ്പോൾ അദ്ദേഹം സഞ്ജയ് സിംഗിന്റെ ടീമിൽ കളിച്ചിട്ടുണ്ട്. ഒരിക്കൽ മഴ കാരണം കളി മുടങ്ങിയപ്പോൾ എല്ലാവരും ചായ കുടിച്ചിരിക്കുകയായിരുന്നു. എന്നാൽ കോഹ്‌ലി അപ്പോഴും ഒറ്റയ്ക്ക് വരാന്തയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ചായ കുടിക്കാൻ വിളിച്ചിട്ടും വരാതിരുന്ന കോഹ്‌ലിയുടെ ആ കളിത്തോടുള്ള സമർപ്പണം അന്നേ താൻ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
ടി20 ലോകകപ്പിൽ മാൻ ഓഫ് ദി സീരീസ് ആയ മലയാളി താരം സഞ്ജു സാംസണെക്കുറിച്ചും അദ്ദേഹം വാചാലനായി. “സഞ്ജുവിന്റെ പിതാവ് ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിളും മികച്ച ഫുട്ബോൾ കളിക്കാരനുമായിരുന്നു. കുട്ടിക്കാലം മുതൽക്കെ സഞ്ജുവിൽ ആ ക്രിക്കറ്റ് പ്രതിഭയുണ്ടായിരുന്നു.”
നിലവിലെ ഐപിഎൽ താരമായ നിതീഷ് റാണയുടെ അമ്മാവൻ അനിൽ റാണ ഡൽഹി പോലീസിലെ മികച്ച ബാറ്ററായിരുന്നു. നിതീഷ് മുൻപ് തങ്ങൾക്കൊപ്പം ന്യൂ പോലീസ് ലൈൻ ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്തിരുന്ന കാര്യവും അദ്ദേഹം ഓർത്തെടുത്തു.












