തിരുവനന്തപുരം : കേരളത്തിലെ അതിശക്തമായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കി പൊതുജനം. വോട്ടെണ്ണൽ മുന്നേറുമ്പോൾ ഇടതുപക്ഷത്തെ ഭൂരിഭാഗം സ്ഥാനാർത്ഥികളും വളരെയേറെ പിന്നിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാരും പിന്നിലാണ്. പാർട്ടി കോട്ടകളിൽ പോലും ശക്തമായ തിരിച്ചടിയാണ് ഇടതുപക്ഷം നേരിടുന്നത്. നിലവിൽ 48 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്.
ധർമ്മടത്ത് മൂന്നാം റൗണ്ടിലും പിണറായി വിജയൻ പിന്നിലാണ്. വി ശിവൻകുട്ടി, പി രാജീവ്, ചിഞ്ചുറാണി, വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാര്‍ കെ എൻ ബാലഗോപാൽ എന്നീ മന്ത്രിമാർ എല്ലാം തന്നെ ഇപ്പോൾ പിന്നിലാണുള്ളത്. ഏറെ വിവാദമായിരുന്ന തളിപ്പറമ്പ് സീറ്റിൽ പി കെ ശ്യാമള പിന്നിലാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിത്രം തെളിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.








