തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ പാർട്ടികളെ ഞെട്ടിച്ചുകൊണ്ട് 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അടുത്ത നീക്കത്തിനൊരുങ്ങുന്നു. മത്സരിച്ച പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച തമിഴകത്തിന്റെ ‘ജനനായകൻ’ വിജയ്, ഏത് സീറ്റ് നിലനിർത്തുമെന്നതാണ് ഇപ്പോൾ പ്രധാന ചർച്ച. നിയമപ്രകാരം രണ്ടാഴ്ചയ്ക്കകം ഒരു സീറ്റ് ഒഴിയേണ്ടതുണ്ട്. വിജയ് പെരമ്പൂർ നിലനിർത്തുകയും ട്രിച്ചി ഈസ്റ്റ് ഒഴിയുകയും ചെയ്താൽ അവിടെ ടിവികെ സ്ഥാനാർത്ഥിയായി നടി തൃഷ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ചെന്നൈയിൽ ശക്തമാകുന്നത്.
പെരമ്പൂരിൽ 53,715 വോട്ടുകളുടെയും ട്രിച്ചി ഈസ്റ്റിൽ 27,416 വോട്ടുകളുടെയും വമ്പിച്ച ഭൂരിപക്ഷമാണ് വിജയ്‌ക്കുള്ളത്. ട്രിച്ചി ഈസ്റ്റിൽ വിജയ് രാജിവെച്ചാൽ അവിടെ തൃഷയെ ഇറക്കി മണ്ഡലം നിലനിർത്താനാണ് ടിവികെ ആലോചിക്കുന്നത്. വോട്ടെണ്ണൽ ദിനത്തിൽ വിജയ്‌യുടെ വീട്ടിലെത്തി നേരിട്ട് അഭിനന്ദനം അറിയിച്ച തൃഷയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പത്ത് വർഷത്തിനുള്ളിൽ താൻ മുഖ്യമന്ത്രിയാകുമെന്ന് വർഷങ്ങൾക്ക് മുൻപ് തൃഷ തമാശയായി പറഞ്ഞ അഭിമുഖം ഇപ്പോൾ ആരാധകർ വീണ്ടും ആഘോഷമാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇരുവരെയും കുറിച്ച് രാഷ്ട്രീയ എതിരാളികൾ ഉന്നയിച്ച ആരോപണങ്ങൾക്ക്, തന്റെ സിനിമയിലെ പാട്ടിനൊപ്പം വോട്ടിംഗ് ദിനത്തിൽ ചിത്രം പങ്കുവെച്ചാണ് തൃഷ മറുപടി നൽകിയത്. തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ട്രിച്ചിയിലെ ഉപതിരഞ്ഞെടുപ്പിൽ താരം ഭാഗ്യപരീക്ഷിക്കാനിറങ്ങിയാൽ അത് തമിഴ് രാഷ്ട്രീയത്തിലെ മറ്റൊരു വൻ വഴിത്തിരിവാകും. ‘ലിയോ’യിലെ സൂപ്പർ ഹിറ്റ് കോമ്പോ രാഷ്ട്രീയത്തിലും ഒന്നിക്കുമോ എന്നാണ് തമിഴ്നാട് ഇപ്പോൾ ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ വിജയ് തന്റെ തീരുമാനം പ്രഖ്യാപിക്കുന്നതോടെ ഇതിൽ വ്യക്തത വരും.










