ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും പ്രകോപനപരമായ പ്രസ്താവനകൾ. പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ സുവേന്ദു അധികാരിക്കെതിരെ പരസ്യമായ ഭീഷണിയുമായി മുൻ ടി.എം.സി എം.എൽ.എ ഹുമയൂൺ കബീർ രംഗത്തെത്തി. ബംഗ്ലാദേശി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയെ അടക്കം തല്ലുമെന്ന് കബീർ ഭീഷണി മുഴക്കിയത്.
ബംഗ്ലാദേശി ചാനലായ ‘ഫേസ് ദ പീപ്പിൾ’ (Face the People) എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹുമയൂൺ കബീർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. “ഏതെങ്കിലും മുസ്ലീം എം.എൽ.എയുടെ മേൽ കൈവെച്ചാൽ നിന്നെ ഞാൻ തല്ലുമെന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും സുവേന്ദുവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും മുസ്ലീമിനെ സുവേന്ദു തൊട്ടാൽ അവനെ ഞങ്ങൾ അടിക്കും,” എന്നായിരുന്നു കബീറിന്റെ വാക്കുകൾ.
മുർഷിദാബാദിലെ ബെൽദംഗയിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ പള്ളി പണിയുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ കബീറിനെ തൃണമൂൽ കോൺഗ്രസിൽ (TMC) നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ‘ജനതാ ഉന്നയൻ പാർട്ടി’ എന്ന സ്വന്തം സംഘടന രൂപീകരിച്ചാണ് അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത്.
വിദേശ മാധ്യമത്തിലൂടെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ വീഡിയോയ്ക്ക് താഴെ ബംഗ്ലാദേശിൽ നിന്നുള്ള തീവ്രവാദ അനുകൂല അക്കൗണ്ടുകൾ പിന്തുണയുമായി എത്തിയതും ഗൗരവകരമായാണ് അധികൃതർ കാണുന്നത്.
ആരാണ് ഹുമയൂൺ കബീർ?
മുർഷിദാബാദിലെ നൗഡ, റെജിനഗർ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചിട്ടുള്ള സ്വാധീനമുള്ള നേതാവാണ് കബീർ. പശ്ചിമ ബംഗാളിലെ മുസ്ലീം വോട്ടുകൾ ഏകോപിപ്പിച്ച് ടി.എം.സിക്കും ബി.ജെ.പിക്കും എതിരെ ഒരു മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ബാബറി മസ്ജിദ് മാതൃകയിലുള്ള പള്ളിയുടെ നിർമ്മാണം പ്രഖ്യാപിച്ചതോടെ കബീർ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.








