കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, കോൺഗ്രസ് ദീർഘകാലമായി കൈവശം വെച്ചിരുന്ന സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന് വിട്ടുനൽകിയതിനെച്ചൊല്ലി മുന്നണിയിൽ കടുത്ത അതൃപ്തി പുകയുന്നു. വലിയ രീതിയിൽ കേന്ദ്രസഹായം ലഭിക്കുന്ന ഫിഷറീസ്, ഗ്രാമവികസന വകുപ്പുകൾ ലീഗിന് വിട്ടുകൊടുത്തതാണ് കോൺഗ്രസ് നേതാക്കളെയും മന്ത്രിമാരെയും ചൊടിപ്പിച്ചിരിക്കുന്നത്.
മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കാൻ കഴിയാത്തവിധം യു.ഡി.എഫിൽ പ്രതിസന്ധി സൃഷ്ടിച്ച ‘കീറാമുട്ടി’ ഒടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടാണ് പരിഹരിച്ചത്. എന്നാൽ, കോൺഗ്രസിനുള്ളിൽ ഉയർന്ന കടുത്ത എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് ഈ രണ്ട് സുപ്രധാന വകുപ്പുകളും മുസ്ലിം ലീഗിന് കൈമാറിയത്.
ഉന്നതവിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് മുന്നണിയിൽ കടുത്ത ആശയക്കുഴപ്പം നിലനിന്നിരുന്നു. ഫിഷറീസ് വകുപ്പ് കോൺഗ്രസ് വിട്ടുനൽകിയില്ലെങ്കിൽ തങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കില്ലെന്ന കർശന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്. ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈവശം വെക്കണമെന്ന ആവശ്യവുമായി ലത്തീൻ കത്തോലിക്കാ സഭ പരസ്യമായി രംഗത്തുവന്നത് കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ എതിർപ്പുകളെല്ലാം മറികടന്നാണ് ഇപ്പോൾ ലീഗിന് വകുപ്പ് നൽകിയിരിക്കുന്നത്.
പൊതുജനങ്ങളുമായി നേരിട്ട് നിരന്തരം ഇടപഴകാൻ സാധിക്കുന്ന ഫിഷറീസ് വകുപ്പ് നഷ്ടപ്പെട്ടതിൽ കോൺഗ്രസ് മന്ത്രിമാർക്ക് കടുത്ത വിയോജിപ്പുണ്ട്. കോടികളുടെ കേന്ദ്രസഹായം നേരിട്ടെത്തുന്ന ഫിഷറീസ്, ഗ്രാമവികസന വകുപ്പുകൾ ലീഗിന് വിട്ടുകൊടുക്കേണ്ടതില്ലായിരുന്നു എന്ന വികാരമാണ് കോൺഗ്രസ് ക്യാമ്പിൽ ശക്തമായിരിക്കുന്നത്.








