ഉറക്കമുണർന്നയുടൻ കണ്ണുതുറക്കും മുൻപേ ഫോണിനായി കട്ടിലിൽ തപ്പുക എന്നത് ഇന്ന് ഭൂരിഭാഗം ആളുകളുടെയും നിത്യജീവിതത്തിലെ പ്രധാന ചടങ്ങായി മാറിയിരിക്കുകയാണ്. അലാറം ഓഫാക്കുന്നതോടെ തുടങ്ങുന്ന ഈ തിരച്ചിൽ പിന്നീട് വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഇമെയിൽ, വാർത്തകൾ എന്നിവയിലെല്ലാം ഒരു വട്ടം കണ്ണോടിച്ച ശേഷമാണ് അവസാനിക്കുന്നത്. മുൻപ് ഇതൊരു വെറും ‘സ്മാർട്ട്‌ഫോൺ അഡിക്ഷൻ’ ആയി ആളുകൾ തള്ളിക്കളഞ്ഞിരുന്നെങ്കിൽ, ഇതിന് പിന്നിൽ അതിനേക്കാൾ സങ്കീർണ്ണമായ മറ്റ് ചില മാനസിക കാരണങ്ങളുണ്ടെന്നാണ് മനഃശാസ്ത്ര വിദഗ്ധർ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.
രാവിലെ എഴുന്നേൽക്കുമ്പോൾ തലച്ചോറിലുണ്ടാകുന്ന ആകാംക്ഷയും ലോകവുമായി വീണ്ടും ബന്ധപ്പെടാനുള്ള ആഗ്രഹവുമാണ് ഈ ശീലത്തിന് പ്രധാന കാരണം. നമ്മൾ ഉറങ്ങിക്കിടന്ന സമയത്ത് ചുറ്റുമുള്ള ലോകത്ത് എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത് എന്നറിയാനുള്ള തലച്ചോറിന്റെ സ്വാഭാവികമായ പ്രതികരണത്തെയാണ് ‘അൺസെർട്ടൻ്റി റിഡക്ഷൻ’ (Uncertainty Reduction) എന്ന് മനഃശാസ്ത്രത്തിൽ പറയുന്നത്. പ്രധാനപ്പെട്ട കോളോ മെസ്സേജോ ഏന്തെങ്കിലും വന്നിട്ടുണ്ടോ എന്നറിയാനുള്ള ഈ പ്രവണത കേവലം ആത്മനിയന്ത്രണമില്ലായ്മയല്ല. കൂടാതെ, ‘ഹാബിറ്റ് ലൂപ്പ്’ (Habit Loop) അഥവാ നിരന്തരമായ ശീലങ്ങളുടെ ആവർത്തനവും പുതിയ സന്ദേശങ്ങൾ ലഭിക്കുമ്പോൾ തലച്ചോറിലുണ്ടാകുന്ന ‘ഡോപാമൈൻ’ ഹോർമോണിന്റെ ഉത്പാദനവും ഈ ശീലത്തെ കൂടുതൽ ശക്തമാക്കുന്നു.
എന്നാൽ, രാവിലെ കണ്ണുതുറന്നയുടൻ സ്ക്രീനിലേക്ക് നോക്കുന്നത് വെറുമൊരു കൗതുകത്തിനപ്പുറം ഗുരുതരമായ ആരോഗ്യ-മാനസിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഉണരുമ്പോൾ തന്നെ അനാവശ്യ വാർത്തകളും സന്ദേശങ്ങളും കാണുന്നത് സ്ട്രെസ് ഹോർമോണുകൾ കൂട്ടുകയും ദിവസത്തെ മുഴുവൻ ഉന്മേഷത്തെയും ബാധിക്കുകയും ചെയ്യും. മാത്രമല്ല, തുടർച്ചയായുള്ള ഇത്തരത്തിലെ നോട്ടിഫിക്കേഷൻ പരിശോധന ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷി കുറയ്ക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാവിലെ എഴുന്നേറ്റയുടൻ ഫോൺ ഉപയോഗിക്കുന്നതിന് പകരം ധ്യാനം, ലളിതമായ വ്യായാമങ്ങൾ, അല്ലെങ്കിൽ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള കുട്ടി സമയങ്ങൾ എന്നിവ ശീലമാക്കുന്നത് തലച്ചോറിന് കൂടുതൽ സമാധാനവും ഉന്മേഷവും നൽകാൻ സഹായിക്കും.












