ന്യൂഡൽഹി : തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി ഡൽഹി സന്ദർശിച്ച് സി. ജോസഫ് വിജയ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിജയ് കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഡൽഹിയിലെ ‘സേവാ തീർത്ഥി’ൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ തമിഴ്‌നാടിന്റെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ അടങ്ങിയ നിവേദനം വിജയ് മോദിക്ക് മുൻപിൽ സമർപ്പിച്ചു.
കാവേരി നദിക്ക് കുറുകെ മേക്കെദാട്ടുവിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടകയുടെ നീക്കത്തിനെതിരെ പ്രധാനമന്ത്രി ഇടപെടണമെന്ന് വിജയ് അഭ്യർത്ഥിച്ചു. തമിഴ്‌നാട്ടിലെ കർഷകരെ പ്രതികൂലമായി ബാധിക്കുന്ന നീക്കമാണ് കർണാടക നടത്തുന്നതെന്നും വിജയ് സൂചിപ്പിച്ചു. തമിഴ്‌നാട്ടിലെ വസ്ത്രനിർമ്മാണ മേഖലയെയും നെയ്ത്തുകാരെയും സംരക്ഷിക്കുന്നതിനായി പരുത്തിയുടെ മേലുള്ള 11% ഇറക്കുമതി തീരുവ നീക്കം ചെയ്യണമെന്ന് വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ എന്നിവരുമായും വിജയ് വരും മണിക്കൂറുകളിൽ കൂടിക്കാഴ്ച നടത്തും. ഇതോടൊപ്പം സഖ്യകക്ഷിയായ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെയും അദ്ദേഹം സന്ദർശിക്കും. സിപിഎം, സിപിഐ, മുസ്ലിം ലീഗ് നേതാക്കളും തമിഴ്‌നാട് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണുമെന്നാണ് വിവരം. വ്യാഴാഴ്ചയോടെ വിജയ് ചെന്നൈയിലേക്ക് മടങ്ങും.








