കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. മുൻ രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ ഡോ. ശാന്തനു സെൻ പാർട്ടിയുടെ ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു. തൃണമൂൽ കോൺഗ്രസിൻ്റെ വനിതാ വിഭാഗം അധ്യക്ഷ കാകോലി ഘോഷ് ദസ്തിദാർ പാർട്ടിയുടെ എല്ലാ പദവികളും രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ശാന്തനു സെന്നും പദവി ഒഴിഞ്ഞത്. പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അദ്ദേഹം രാജിക്കത്ത് നൽകിയിരിക്കുന്നത്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. മമത ബാനർജിക്ക് അയച്ച കത്തിൽ കടുത്ത ഭാഷയിലാണ് ശാന്തനു സെൻ പാർട്ടിയെ വിമർശിച്ചിരിക്കുന്നത്. പല വിവാദ വിഷയങ്ങളിലും വ്യക്തിപരമായി വിയോജിപ്പുകൾ ഉണ്ടായിരുന്നിട്ടും മാധ്യമങ്ങളിൽ പാർട്ടിയെ പ്രതിരോധിച്ച് സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇനി അതിന് മനസ്സ് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ നടന്ന ജൂനിയർ ഡോക്ടറുടെ ക്രൂരമായ പീഡനവും കൊലപാതകവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിൻ്റെ പ്രധാന വിമർശനം. മുൻപ് ഈ വിഷയത്തിൽ കോളേജ് പ്രിൻസിപ്പലിനും ആരോഗ്യ വകുപ്പിനുമെതിരെ സംസാരിച്ചതിന് അദ്ദേഹത്തെ വക്താവ് സ്ഥാനത്ത് നിന്ന് താൽക്കാലികമായി മാറ്റിനിർത്തിയിരുന്നു.
തൃണമൂൽ കോൺഗ്രസിൻ്റെ അധാർമ്മിക പ്രവർത്തികളെയും അഴിമതിയെയും ബംഗാളിലെ ജനങ്ങൾ തള്ളിക്കളഞ്ഞു കഴിഞ്ഞു, അതിനാൽ ജനവിധിയെ മാനിച്ചുകൊണ്ട് താൻ വക്താവ് സ്ഥാനം ഒഴുയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അദ്ദേഹം പാർട്ടി അംഗത്വം രാജിവെച്ചിട്ടില്ല. ഇന്നലെ പാർട്ടിയിലെ മറ്റൊരു മുതിർന്ന നേതാവും ലോക്‌സഭാ എംപിയുമായ കാകോലി ഘോഷ് ദസ്തിദാർ മഹിളാ ടിഎംസി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.











