ടെൽ അവീവ് : ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും പൂർണ്ണമായി സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ പ്രതിരോധ സേനയ്ക്ക് നേരിട്ട് നിർദ്ദേശം നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നിലവിൽ ഗാസയുടെ 60 ശതമാനം പ്രദേശവും ഇസ്രായേൽ സൈന്യം പിടിച്ചെടുത്തതായി അദ്ദേഹം വ്യക്തമാക്കി. ആദ്യം മുതൽ തന്നെ തങ്ങൾ 70 ശതമാനം ആയിരുന്നു ലക്ഷ്യമിട്ടിരുന്നത് എന്നും ജോർദാൻ താഴ്‌വരയിൽ നടന്ന ഒരു സെമിനാറിൽ സംസാരിക്കവേ നെതന്യാഹു സൂചിപ്പിച്ചു.
നേരത്തെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച ഗാസ സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി, ഗാസയുടെ 53% ഭാഗമായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്നത്. ബാക്കി പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ നിലവിൽ ഗാസയുടെ 60% പ്രദേശവും തങ്ങളുടെ കൈപ്പിടിയിലാണെന്നും ഇത് ഉടൻ തന്നെ 70 ശതമാനമായി ഉയർത്തുമെന്നുമാണ് നെതന്യാഹു വെളിപ്പെടുത്തുന്നത്. ഒക്ടോബർ 7-ലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളും ഹമാസിന്റെ പുതിയ സൈനിക വിഭാഗം മേധാവിയുമായ മുഹമ്മദ് ഔദയെ ഗാസയിൽ വെച്ച് ഇസ്രായേൽ സൈന്യം വധിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പുതിയ പ്രഖ്യാപനം.
ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കുകയും ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഗാസയുടെ നിയന്ത്രണം ഹമാസിന്റെയോ ഇസ്രായേൽ വിരുദ്ധരുടെയോ കൈകളിൽ ഇനി ബാക്കി വെയ്ക്കില്ല എന്നും നെതന്യാഹു സൂചിപ്പിച്ചു. അതേസമയം, ഇസ്രായേലിന്റെ ഈ നീക്കം സമാധാന കരാറുകളുടെ ലംഘനമാണെന്നും, ഗാസയിൽ തങ്ങൾക്കെതിരെ നടക്കുന്ന അട്ടിമറിയാണിതെന്നും ഹമാസ് മുതിർന്ന നേതാവ് ബാസെം നയീം വ്യക്തമാക്കി.








