ലഖ്‌നൗ : ഉത്തർപ്രദേശ് പോലീസിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് പുതിയ സംസ്ഥാന പോലീസ് മേധാവിയായി രാജീവ് കൃഷ്ണ ഐപിഎസ് ചുമതലയേറ്റു. 1991 ബാച്ച് ഐപിഎസ് ഓഫീസറായ അദ്ദേഹം ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ (നോയിഡ) സ്വദേശിയാണ്. യുപിഎസ്‌സി സമർപ്പിച്ച മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പാനലിൽ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് രാജീവ് കൃഷ്ണയെ ഈ പരമോന്നത പദവിയിലേക്ക് തിരഞ്ഞെടുത്തത്.
2022-ന് ശേഷം ആദ്യമായാണ് ഉത്തർപ്രദേശിൽ ഒരു പൂർണ്ണസമയ സ്ഥിരം പോലീസ് മേധാവിയെ നിയമിക്കുന്നത്.
യുപി ഹോം അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 2022 മേയിൽ അന്നത്തെ സ്ഥിരം ഡിജിപിയായിരുന്ന മുകുൾ ഗോയലിനെ സ്ഥാനത്തുനിന്ന് മാറ്റിയതിനുശേഷം, രാജ്യം കണ്ട ഏറ്റവും വലിയ പോലീസ് സേനയായ യുപി പോലീസ് താൽക്കാലിക മേധാവിമാരുടെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷമായി രാജീവ് കൃഷ്ണ തന്നെയായിരുന്നു ആക്ടിങ് ഡിജിപിയായി തുടർന്നിരുന്നത്. 2029 ജൂണിൽ വിരമിക്കുന്ന രാജീവ് കൃഷ്ണയ്ക്ക് മൂന്ന് വർഷത്തോളം കാലാവധി ബാക്കിയുണ്ട്.
ഇപ്പോഴത്തെ ഔദ്യോഗിക നിയമനത്തോടെ സംസ്ഥാന പോലീസ് ഭരണത്തിൽ കൂടുതൽ സ്ഥിരത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഡിജിപി ആയി ചുമതലയേറ്റ രാജീവ് കൃഷ്ണ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ യുപി പോലീസിനെ ആധുനികവൽക്കരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം സിവിൽ സർവീസ് പരീക്ഷ വിജയിച്ച് 1991-ൽ ഇന്ത്യൻ പോലീസ് സർവീസിന്റെ ഭാഗമാകുന്നത്. ക്ലീൻ ഇമേജും മികച്ച പ്രവർത്തന മികവുമുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് അദ്ദേഹം പോലീസ് വൃത്തങ്ങളിൽ അറിയപ്പെടുന്നത്.










