ടെഹ്റാൻ : ഇറാനിലെ തന്ത്രപ്രധാനമായ ഖേഷ്മ് ദ്വീപിന് നേരെ അമേരിക്ക പുതിയ വ്യോമാക്രമണം നടത്തിയതിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണവുമായി ഇറാൻ. യുഎസ് സഖ്യരാജ്യങ്ങളായ കുവൈറ്റ്, ബഹ്‌റൈൻ എന്നിവടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഖേഷ്മ് ദ്വീപിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ഇറാൻ ഗൾഫ് രാഷ്ട്രങ്ങളിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈനിലുള്ള യുഎസ് അഞ്ചാം ഫ്ലീറ്റ് നാവികസേനാ ആസ്ഥാനം ലക്ഷ്യമാക്കിയാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. എന്നാൽ ബഹ്‌റൈന്റെ പേട്രിയറ്റ് പ്രതിരോധ സംവിധാനവും യുഎസ് യുദ്ധക്കപ്പലുകളും ചേർന്ന് മൂന്ന് മിസൈലുകളെ അന്തരീക്ഷത്തിൽ വെച്ച് തന്നെ വിജയകരമായി വെടിവെച്ചിട്ടു.
ഇറാൻ തൊടുത്തുവിട്ട രണ്ട് കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകൾ കുവൈറ്റിന്റെ വടക്കൻ തീരപ്രദേശത്തിന് സമീപം പതിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കുവൈറ്റ് സൈന്യം വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങളിൽ സ്ഫോടനങ്ങൾ കാണിക്കുന്ന ഒരു വീഡിയോ ചൊവ്വാഴ്ച ഐആർജിസിയുമായി ബന്ധപ്പെട്ട തസ്നിം ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ചു.








