ചെസ്സ് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് വീണ്ടുമൊരു ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ യുവ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദ. പ്രശസ്തമായ നോർവേ ചെസ്സ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ രണ്ടാം തവണയും ക്ലാസിക്കൽ മത്സരത്തിൽ അട്ടിമറിച്ചാണ് ഈ ഇരുപതുകാരൻ ലോകത്തെ ഞെട്ടിച്ചത്. ഇതോടെ, ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിന് ശേഷം ഒരു ടൂർണമെന്റിൽ രണ്ടുതവണ കാൾസണെ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ കളിക്കാരനായി അദ്ദേഹം മാറി.
ഒരു പ്രധാന അന്താരാഷ്ട്ര ക്ലാസിക്കൽ ടൂർണമെന്റിൽ കാൾസനെ ഒരേ വർഷം രണ്ടുതവണ പരാജയപ്പെടുത്തുക എന്ന അപൂർവ്വ നേട്ടമാണ് പ്രജ്ഞാനന്ദ സ്വന്തമാക്കിയിരിക്കുന്നത്. 2007-ലെ ലിനാരസ് ഇന്റർനാഷണൽ ചെസ്സ് ടൂർണമെന്റിലൂടെ ഇന്ത്യയുടെ ഇതിഹാസതാരം വിശ്വനാഥൻ ആനന്ദ് ആണ് ഇതിന് മുൻപ് കാൾസനെ ഒരേ ടൂർണമെന്റിൽ രണ്ടുതവണ തോൽപ്പിച്ചത്. ടൂർണമെന്റിലെ എട്ടാം റൗണ്ടിലാണ് കറുത്ത കരുക്കളുമായി കളിച്ച പ്രജ്ഞാനന്ദ കാൾസനെ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ വെച്ച് അടിയറവ് പറയിച്ചത്. നേരത്തെ ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ വെളുത്ത കരുക്കളുമായി കളിച്ച് പ്രജ്ഞാനന്ദ കാൾസനെ തോൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എട്ടാം റൗണ്ടിലെ രണ്ടാം ക്ലാസിക്കൽ പോരാട്ടത്തിലും താരം വിജയം ആവർത്തിച്ചത്.
ഈ തകർപ്പൻ വിജയത്തോടെ പ്രജ്ഞാനന്ദ 12 പോയിന്റുമായി ടൂർണമെന്റിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 14 പോയിന്റുകളുമായി അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോ ആണ് ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തുള്ളത്. 13 പോയിന്റുകൾ നേടിയ ഫ്രാൻസിന്റെ അലിറേസ ഫിറൂസ്ജ രണ്ടാം സ്ഥാനത്തും തുടരുന്നു.








