ടെഹ്റാൻ : കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയിലായിരിക്കുകയാണ്. ഇസ്രായേലും ഇറാനും തമ്മിൽ അതിരൂക്ഷമായ വ്യോമാക്രമണങ്ങളാണ് പരസ്പരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഏപ്രിൽ 8 മുതൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിലേക്ക് നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. പിന്നാലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ശക്തമായ തിരിച്ചടി ആരംഭിച്ചതോടെ സംഘർഷം അതിരൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ, ഇസ്ഫഹാൻ , തബ്രിസ് , കാരജ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയതോടെ ഇറാന്റെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ഇമാം ഖൊമേനി എയർപോർട്ടിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും പടിഞ്ഞാറൻ വ്യോമാതിർത്തി പൂർണ്ണമായി അടയ്ക്കുകയും ചെയ്തു. അതേസമയം, സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ ഉണ്ടായ ഈ അപ്രതീക്ഷിത യുദ്ധസാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കുകയും നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, “ഇറാൻ ചെയ്തത് ഗുരുതരമായ തെറ്റാണ്, കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും,” എന്ന് ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ മുന്നറിയിപ്പ് നൽകി. ഉത്തരവ് ലഭിക്കുന്ന നിമിഷം ശത്രുവിനെ തകർക്കാൻ തങ്ങൾ സജ്ജമാണെന്ന് ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സാമിറും വ്യക്തമാക്കി.








