വാഷിംഗ്ടൺ : ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക നടപടിക്ക് ഒരുങ്ങുന്നതായി വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . “ഞങ്ങൾ അവരെ വളരെ ശക്തമായി ആക്രമിക്കും. ഇന്നലെ ഞങ്ങൾ അവരെ ശക്തമായി ആക്രമിച്ചു, ഇന്നും വലിയൊരു ആക്രമണം ഉണ്ടാകും” എന്നാണ് ട്രംപ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ചൊവ്വാഴ്ച ഇറാൻ ഒരു യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതിന് പിന്നാലെയാണ് ഈ പുതിയ ഭീഷണി. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം നിരന്തരം വർദ്ധിച്ചുവരുന്ന സമയത്താണ് ട്രംപിന്റെ ഈ പരാമർശം എന്നുള്ളത് പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററാണ് ഇറാൻ ആക്രമണത്തിൽ തകർന്നു വീണത്. ഇതിന് മറുപടിയായി ഇന്ന് പുലർച്ചെ യുഎസ് ഇറാന്റെ വ്യോമ പ്രതിരോധം, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ സൈറ്റുകൾ എന്നിവ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. ഏകദേശം 4 മണിക്കൂർ നീണ്ട ആക്രമണത്തിൽ 20-ഓളം ഇറാനിയൻ ലക്ഷ്യങ്ങൾ തകർത്തതായി യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇറാൻ ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതോടെ ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലുകളിലേക്കാണ് പശ്ചിമേഷ്യയെ നയിച്ചിരിക്കുന്നത്.











