സ്വന്തമായി ഒരു പ്രധാനമന്ത്രി, പ്രസിഡന്റ്, പ്രത്യേക നിയമസഭ, സ്വന്തം ദേശീയ പതാക… ഒറ്റനോട്ടത്തിൽ ഒരു സ്വതന്ത്ര രാജ്യം എന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ പാകിസ്താന്റെ പൂർണ്ണമായ രാഷ്ട്രീയ-സൈനിക നിയന്ത്രണത്തിലുള്ള ഒരു കരിനിഴൽ പ്രദേശം മാത്രമാണ് പാക് അധിനിവേശ കശ്മീർ (PoK). നിലവിൽ പാക് ഭരണകൂടത്തിന്റെ കടുത്ത സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ പ്രദേശവാസികൾ തെരുവിൽ നടത്തുന്ന അതിശക്തമായ ജനകീയ പ്രക്ഷോഭത്തോടെയാണ് ഈ വ്യാജ സ്വാതന്ത്ര്യത്തിന്റെ പിന്നാമ്പുറക്കഥകൾ ആഗോളതലത്തിൽ വീണ്ടും സജീവ ചർച്ചയാകുന്നത്. തദ്ദേശീയരായ ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് നേരെ പാക് സൈന്യവും പ്രാദേശിക പോലീസും ക്രൂരമായി വെടിയുതിർത്തതോടെ കശ്മീർ താഴ്‌വര വൻ സംഘർഷഭരിതമായിരിക്കുകയാണ്. സാമ്പത്തിക ചൂഷണങ്ങൾക്കും വിലക്കയറ്റത്തിനുമെതിരെ ആയിരക്കണക്കിന് സാധാരണക്കാരെ ഒന്നിപ്പിച്ച് ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ (JAAC) എന്ന കൂട്ടായ്മയാണ് ഈ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്.
ഈ ചോരപ്പുഴയ്ക്കിടയിലാണ് അന്താരാഷ്ട്ര സമൂഹം ആ നിർണായക ചോദ്യം വീണ്ടും ഉയർത്തുന്നത്; പാകിസ്താന്റെ പൂർണ്ണ അധീനതയിലുള്ള ഭൂപ്രദേശമായിട്ടും എന്തിനാണ് ഈ മേഖലയ്ക്ക് ഇപ്പോഴും പ്രത്യേക ഭരണഘടനയും ഭരണാധികാരികളും നൽകിയിരിക്കുന്നത്? ഈ പ്രദേശത്തെ ‘ആസാദ് ജമ്മു ആൻഡ് കശ്മീർ’ (സ്വതന്ത്ര കശ്മീർ) എന്ന് വിളിച്ച് ലോകത്തിന് മുന്നിൽ ഒരു പരമാധികാര രാജ്യത്തിന്റെ പ്രതിച്ഛായ സൃഷ്ടിക്കാൻ പാകിസ്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇവിടുത്തെ യഥാർത്ഥ അധികാരം പാക് സൈന്യത്തിന്റെ കൈകളിലാണെന്ന് ആഗോള രാഷ്ട്രീയ നിരീക്ഷകരും രഹസ്യാന്വേഷണ വിദഗ്ദ്ധരും വ്യക്തമാക്കുന്നു. ഇവിടുത്തെ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും പാക് സൈന്യത്തിന്റെ അനുമതിയില്ലാതെ ഒരു കല്ല് പോലും എടുത്തുമാറ്റാനുള്ള അധികാരമില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ ഭരണപരമായ ആശയക്കുഴപ്പങ്ങളുടെയും തർക്കങ്ങളുടെയും വേരുകൾ കിടക്കുന്നത് 1947-ലെ ഇന്ത്യൻ വിഭജന ചരിത്രത്തിലാണ്. അന്ന് സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന ജമ്മു കശ്മീരിലെ ഭരണാധികാരി മഹാരാജ ഹരിസിങ് ഇന്ത്യയിലോ പാകിസ്താനിലോ ചേരാതെ സ്വതന്ത്രമായി നിൽക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ 1947 ഒക്ടോബറിൽ പാകിസ്താന്റെ പിന്തുണയോടെ ഗോത്രവർഗ്ഗക്കാരും പാക് സൈന്യവും ജമ്മു കശ്മീരിലേക്ക് അതിക്രമിച്ചു കയറുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തു. ഇതോടെ ഭയന്ന ഹരിസിങ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ഒപ്പുവെച്ച ‘ഇൻസ്ട്രുമെന്റ് ഓഫ് ആക്സഷൻ’ (ലയനക്കരാർ) പ്രകാരം ജമ്മു കശ്മീർ ഔദ്യോഗികമായി ഇന്ത്യൻ യൂണിയന്റെ ഭാഗമായി മാറി. ഇന്ത്യൻ സൈന്യം ശ്രീനഗറിലിറങ്ങി പാക് അധിനിവേശക്കാരെ തുരത്തിയതോടെയാണ് ഒന്നാം ഇന്ത്യ-പാക് യുദ്ധത്തിന് തുടക്കമായത്. എന്നാൽ അന്ന് പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യൻ ഭൂപ്രദേശമാണ് ഇന്നത്തെ പാക് അധിനിവേശ കശ്മീർ. തങ്ങൾ കയ്യേറിയ പ്രദേശത്തെ സ്വതന്ത്രമെന്ന് വരുത്തിത്തീർക്കാൻ പാകിസ്താൻ കെട്ടിയുയർത്തിയ വ്യാജ ഭരണസംവിധാനത്തിന്റെ പൊള്ളത്തരമാണ് ഇപ്പോൾ സ്വന്തം ജനങ്ങൾ തന്നെ തെരുവിൽ ചോദ്യം ചെയ്യുന്നത്.








