മസ്കറ്റ് : ഒമാൻ കടലിൽ എണ്ണ കപ്പലിന് നേരെ വീണ്ടും ആക്രമണം നടത്തി യുഎസ്. ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടുന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാല് ദിവസത്തിനിടെ ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഗിനി-ബിസാവു പതാക ഘടിപ്പിച്ച ‘എംടി ജൽവീർ’ എന്ന ബിറ്റുമെൻ ടാങ്കർ കപ്പലിന് നേരെയാണ് ഇന്ന് യുഎസ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.
ഒമാൻ തുറമുഖ നഗരമായ ഷിനാസിന് 21 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം നടന്നത്. യുഎസ് നേവിയുടെ മുന്നറിയിപ്പുകൾ കപ്പൽ ജീവനക്കാർ തുടർച്ചയായി അവഗണിച്ചതിനെ തുടർന്ന് യുഎസ് യുദ്ധവിമാനത്തിൽ നിന്നും രണ്ട് അത്യാധുനിക ഹെൽഫയർ മിസൈലുകൾ വിക്ഷേപിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് ആണ് മിസൈലുകൾ പതിച്ചത്. മിസൈൽ പതിച്ചതോടെ കപ്പലിന്റെ പിൻഭാഗത്തുനിന്നും വൻതോതിൽ കറുത്ത പുക ഉയർന്നതായി ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കപ്പലിൽ ആകെ 20 ഇന്ത്യൻ നാവികരാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും നൽകിയ വിവരങ്ങൾ പ്രകാരം കപ്പലിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. ഇവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഒമാൻ തീരസംരക്ഷണ സേനയുടെയും ആ വഴി കടന്നുപോയ മറ്റ് കപ്പലുകളുടെയും സഹായത്തോടെ ഇന്ത്യൻ നാവികരെ ഒമാനിലെ ഷിനാസ് തുറമുഖത്തേക്ക് സുരക്ഷിതമായി ഒഴിപ്പിച്ചു വരികയാണ്.









