ലോകമൊട്ടാകെ മെറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്ത്യൻ സമയം രാത്രി 7:15-ഓടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരേസമയം ആപ്പുകൾ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതികൾ ഉയർന്നത്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ഈ പെട്ടെന്നുള്ള ആഗോള സാങ്കേതിക തകരാർ ബാധിച്ചത്.
ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഒരുപോലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോഗിൻ ചെയ്തിരുന്ന അക്കൗണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾ പെട്ടെന്ന് തനിയെ ‘ലോഗ് ഔട്ട്’ ചെയ്യപ്പെടുകയായിരുന്നു . വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ‘An unexpected error occurred’ എന്ന സന്ദേശമാണ് കാണിച്ചിരുന്നത്. ഇൻസ്റ്റാഗ്രാമിൽ ഫീഡുകൾ റിഫ്രഷ് ചെയ്യാനോ പുതിയ സ്റ്റോറികൾ കാണാനോ സാധിക്കുന്നില്ല. ആപ്പ് തുറന്ന് നിമിഷങ്ങൾക്കകം തനിയെ ക്രാഷായി പോകുന്നതായും പലരും പരാതിപ്പെടുന്നു. വാട്‌സ്ആപ്പിന്റെ പ്രധാന സേവനങ്ങളെ ഇത് ബാധിച്ചിട്ടില്ലെങ്കിലും, ചില ഉപഭോക്താക്കൾക്ക് മെസ്സേജുകൾ അയക്കുന്നതിലും സ്വീകരിക്കുന്നതിലും തടസ്സങ്ങൾ നേരിടുന്നുണ്ട്.








