ഇൻഡി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തനിക്കെതിരെ നടത്തിയ ‘കെട്ടിപ്പിടുത്ത’ പ്രസ്താവനയ്ക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം താൻ കണ്ടിട്ടുണ്ടെന്നും ബിജെപിയുടെ സഹായിയായി മാറുന്ന നിലപാടാണ് രാഹുലിന്റേതെന്നും പിണറായി വിജയൻ തുറന്നടിച്ചു. ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിൽ തനിക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ട രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പോരാട്ടങ്ങൾ ചൂണ്ടിക്കാട്ടി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന പരാമർശമുണ്ടായിരുന്നത്.ഇൻഡി മുന്നോട്ട് പോകുമ്പോൾ പ്രാദേശികമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണമെന്നും കേരളത്തിൽ താൻ സിപിഎമ്മുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാടിനെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് പിണറായി വിജയൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പാർലമെന്റിൽ വെച്ച് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ച പഴയ സംഭവം ഓർമ്മിപ്പിച്ചായിരുന്നു പിണറായിയുടെ പരിഹാസം.
കേരളത്തിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാഹുൽ ഗാന്ധിയും പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാക്പോരുകൾ നടന്നിരുന്നു. മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണെന്നും എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ പിണറായിയെ തൊടാത്തതെന്നും രാഹുൽ ചോദിച്ചിരുന്നു. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്ന രാഹുലിന്റെ പരിഹാസത്തിന്, ‘രാഹുലിന് ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലും ഇല്ലെ’ന്നായിരുന്നു അന്ന് പിണറായി നൽകിയ മറുപടി.
ഇൻഡി സഖ്യത്തിനുള്ളിൽ ഭിന്നത രൂക്ഷമാക്കുന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുന്നതെന്ന് ഇടതുപക്ഷ നേതാക്കളും ആരോപിക്കുന്നു. ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്നും, എന്നാൽ ബിജെപിയെ നേരിടുന്നതിൽ കോൺഗ്രസ് പരാജയപ്പെടുകയാണെന്നും പിണറായി വിജയൻ ആവർത്തിച്ചു. ദേശീയ തലത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കാൻ ശ്രമിക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയ വൈര്യം മുൻനിർത്തി പരസ്യമായ പോരടിയിലേക്കാണ് ഇരുവിഭാഗവും നീങ്ങുന്നത്.












