തന്നെ വ്യക്തിപരമായി തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നവർക്കും എസ്എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കും മുന്നിൽ ഭയന്നോടില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ ഇനി മൗനം പാലിക്കാനാവില്ലെന്നും, തന്നെക്കാൾ നന്നായി പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും മനസ്സിലാക്കിയ മറ്റൊരാൾ ഉണ്ടോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. യോഗനാദം എഡിറ്റോറിയലിലാണ് മാധ്യമങ്ങൾക്കും രാഷ്ട്രീയ മുന്നണികൾക്കും എതിരെ വെള്ളാപ്പള്ളി നടേശൻ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ മുന്നണികൾ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മുസ്ലീം ലീഗ് ചിന്തിക്കുന്നത് എപ്പോഴും വർഗീയമായി മാത്രമാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പരിശോധിച്ചാൽ ഈ പറയുന്ന കാര്യത്തിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക്കെതിരെയുള്ള കേസുകളെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്കും വെള്ളാപ്പള്ളി മറുപടി നൽകി. വോട്ടർ പട്ടിക കേസ്, തെരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാൻസ് കേസ്, കമ്പനി നിയമക്കേസ്, എസ്.എൻ.ട്രസ്റ്റ് കേസ്, കെ.കെ മഹേശൻ ആത്മഹത്യ കേസ് തുടങ്ങി തനിക്കെതിരെ ഉയർന്നു വന്ന ഒരു കേസിലും ഇതുവരെ കോടതി വിധി വന്നിട്ടില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിരവധി കേസുകൾ എസ്എൻഡിപി യോഗം നടത്തുന്നുണ്ട്. എന്നാൽ ഒരു കേസിലും തനിക്കെതിരെ വിധിയുണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചില ദൃശ്യമാധ്യമങ്ങൾ തന്നെ വേട്ടയാടുന്നത് ഒരു അജണ്ടയാക്കി മാറ്റിയിരിക്കുകയാണ്. കോടതിയിൽ കേസ് തോൽക്കുമ്പോൾ വഴിയിൽ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാനാണ് ചിലരുടെ ശ്രമം. കോട്ടും ടൈയും കെട്ടി ചിലർ നടത്തുന്ന അന്തിച്ചർച്ചകൾ കണ്ട് സമുദായാംഗങ്ങൾ ചിരിക്കുകയാണ്. ചാനൽ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ മാധ്യമധർമ്മമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ ഒരിക്കലും മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.











