തങ്ങളുടെ ഏറ്റവും വലിയ സൈനിക കമാൻഡായ ‘യുഎസ് ഇൻഡോ-പസഫിക് കമാൻഡിന്റെ’ പേരുമാറ്റി അമേരിക്ക. എട്ട് വർഷം മുൻപ് ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ചേർത്ത ‘ഇൻഡോ’ എന്ന വാക്ക് ഒഴിവാക്കി ‘യുഎസ് പസഫിക് കമാൻഡ്’ (USPACOM) എന്ന പഴയ പേര് തന്നെ യുഎസ് പ്രതിരോധ വകുപ്പ് പുനഃസ്ഥാപിച്ചു. എന്നാൽ, ഈ പേരുമാറ്റത്തിനൊപ്പം കമാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. തങ്ങളുടെ പ്രവർത്തന പരിധി വ്യക്തമാക്കുന്ന ഭൂപടത്തിൽ പാക് അധീന കശ്മീരിനെ (PoK) പാകിസ്താന്റെ ഭാഗമായാണ് യുഎസ് സൈനിക കമാൻഡ് അടയാളപ്പെടുത്തിയിരിക്കുന്നത്.
കമാൻഡിന്റെ പാരമ്പര്യവും ചരിത്രപരമായ പൈതൃകവും ഉയർത്തിപ്പിടിക്കുന്നതിനാണ് പഴയ പേര് വീണ്ടും കൊണ്ടുവന്നതെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1947 ജനുവരി 1-ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഹാരി എസ്. ട്രൂമാനാണ് ഈ കമാൻഡ് സ്ഥാപിച്ചത്. പിന്നീട് ഏഴ് പതിറ്റാണ്ടിലധികം ഈ പേരിൽ തന്നെയാണ് കൊറിയൻ യുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലുമടക്കം അമേരിക്കൻ സൈന്യം തങ്ങളുടെ തന്ത്രപ്രധാനമായ ഇടപെടലുകൾ നടത്തിയത്. തുടർന്ന് 2018-ൽ അന്നത്തെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ പ്രാധാന്യവും പസഫിക് സുരക്ഷയുമായുള്ള അതിന്റെ ബന്ധവും കണക്കിലെടുത്ത് കമാൻഡിന്റെ പേര് ‘ഇൻഡോ-പസഫിക് കമാൻഡ്’ എന്ന് മാറ്റിയത്.
പേര് മാറ്റിയെങ്കിലും കമാൻഡിന്റെ പ്രവർത്തന പരിധിയിലോ തന്ത്രപ്രധാനമായ ദൗത്യങ്ങളിലോ മാറ്റമില്ലെന്ന് യുഎസ് വ്യക്തമാക്കുന്നുണ്ട്. യുഎസിന്റെ പടിഞ്ഞാറൻ തീരം മുതൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി വരെയുള്ള വിശാലമായ മേഖലയാണ് പസഫിക് കമാൻഡിന്റെ പരിധിയിലുള്ളത്. പ്രാദേശിക പങ്കാളികളുമായി ചേർന്ന് സ്വതന്ത്രവും തുറന്നതുമായ ഒരു സുരക്ഷാ അന്തരീക്ഷം ഉറപ്പാക്കാൻ കമാൻഡ് തുടർന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കമാൻഡിന്റെ ആസ്ഥാനം ഹവായിൽ തന്നെയാണ്.
അതേസമയം, പേരിൽ നിന്ന് ‘ഇൻഡോ’ എന്നത് മാറ്റിയതിനെതിരെ ഇന്ത്യയിൽ കടുത്ത രാഷ്ട്രീയ പ്രതികരണങ്ങൾ ഉയർന്നു കഴിഞ്ഞു. കോൺഗ്രസ് എംപിയായ ശശി തരൂർ ഈ നീക്കത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. യുഎസിന്റെ ഈ ഉത്തരവിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ട്, “ക്വാഡ് (Quad) സഖ്യത്തിന്റെ ശവപ്പെട്ടിയിലെ മറ്റൊരു ആണി കൂടി?” എന്നാണ് തരൂർ കുറിച്ചത്. അമേരിക്കയുടെ ഈ പുതിയ നയം ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തെയും ക്വാഡ് പോലുള്ള അന്താരാഷ്ട്ര സഖ്യങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയാണ് ഇതിലൂടെ തരൂർ പങ്കുവെച്ചത്. പേരുമാറ്റത്തിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ചത് വരും ദിവസങ്ങളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ വലിയ തോതിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








