പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട യഥാർത്ഥ ചരിത്രം രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസ് ബോധപൂർവ്വം ‘തമസ്‌കരിക്കുകയോ തിരുത്തുകയോ’ ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജന കാലത്ത് ബംഗാളിനെ കൈവിട്ട കോൺഗ്രസ് പ്രീണന രാഷ്ട്രീയമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൂഗ്ലിയിലെ താരകേശ്വറിൽ നടന്ന ‘പശ്ചിമബംഗാൾ ദിവസ്’ ) ഔദ്യോഗിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബംഗാൾ രൂപീകരണത്തിനായി പോരാടിയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ സംഭാവനകളെ ചരിത്രത്തിൽ നിന്ന് മനഃപൂർവ്വം മറക്കാനുള്ള ശ്രമങ്ങൾ മുൻപ് ശ്രമമുണ്ടായതെന്നും, ഇനി ആ തെറ്റുകൾ ആവർത്തിക്കില്ലെന്നും പശ്ചിമബംഗാൾ ദിവസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ‘പുതിയ ചരിത്രം’ എഴുതപ്പെടുമെന്നും മോദി കൂട്ടിച്ചേർത്തു.
1947 ഏപ്രിൽ 4 മുതൽ 7 വരെ ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ താരകേശ്വറിൽ വെച്ചാണ് ഒരു ചരിത്രപ്രധാനമായ സമ്മേളനം സംഘടിപ്പിച്ചത്. ഹിന്ദു ഭൂരിപക്ഷമുള്ള ബംഗാളിന്റെ ഭാഗങ്ങൾ (ഇന്നത്തെ പശ്ചിമ ബംഗാൾ) കിഴക്കൻ പാകിസ്താന്റെ (ഇന്നത്തെ ബംഗ്ലാദേശ്) ഭാഗമാകാൻ അനുവദിക്കില്ലെന്ന പ്രമേയം അംഗീകരിച്ചത് ഈ സമ്മേളനത്തിലായിരുന്നു.
ഇതിന് പിന്നാലെ 1947 ജൂൺ 20-ന് അന്നത്തെ ബംഗാൾ അസംബ്ലി ഈ തീരുമാനത്തെ അനുകൂലിച്ച് പ്രമേയം പാസാക്കി. ഈ ചരിത്രപരമായ ഓർമ്മ പുതുക്കാനാണ് ജൂൺ 20 ‘പശ്ചിമബംഗാൾ ദിവസ്’ ആയി പുതിയ ബിജെപി സർക്കാർ ഔദ്യോഗികമായി ആഘോഷിക്കുന്നത്.
ബംഗാൾ മുഴുവനായും പാകിസ്താന്റെ ഭാഗമാക്കാൻ ഗൂഢാലോചന നടന്നപ്പോൾ കോൺഗ്രസ് അതിന് മുന്നിൽ മുട്ടുമടക്കിയെന്നും ശ്യാമപ്രസാദ് മുഖർജി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്നത്തെ പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമായി അവശേഷിക്കില്ലായിരുന്നു എന്നുമാണ് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും വാദം.










