ചെന്നൈ : തമിഴ്നാട്ടിലെ സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ഉണ്ടായതിനെ തുടർന്ന് 7 തൊഴിലാളികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം വനിതകളാണ്. തിരുവള്ളൂർ ജില്ലയിലുള്ള സ്വകാര്യ സീഫുഡ് പ്രോസസിങ് ഫാക്ടറിയിൽ ആണ് അപകടം സംഭവിച്ചത്. അറുപതിലധികം തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
പെരിയപാളയത്തിനടുത്തുള്ള മഞ്ചങ്കരണൈയിലെ ‘സെന്റ് പീറ്റർ ആൻഡ് പോൾ സീഫുഡ്സ് എക്സ്പോർട്ട്സ്’ എന്ന സ്ഥാപനത്തിൽ ഞായറാഴ്ച ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അസം, ഒഡീഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 120-ഓളം കുടിയേറ്റ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ഫാക്ടറിയിലെ കോൾഡ് സ്റ്റോറേജ് റീഫ്രിജറേഷൻ സംവിധാനത്തിൽ കൂളന്റായി ഉപയോഗിച്ചിരുന്ന അമോണിയ ഗ്യാസ് ടാങ്കിൽ നിന്നാണ് ചോർച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വാതകം ശ്വസിച്ച തൊഴിലാളികൾക്ക് കടുത്ത ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെടുകയും, ചിലർക്ക് മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ബോധരഹിതരായി വീണവരിൽ ഏഴ് പേർ ഉടൻ തന്നെ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് അരക്കോണത്തുനിന്നുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) നാലാം ബറ്റാലിയൻ പ്രത്യേക കെമിക്കൽ പ്രൊട്ടക്ഷൻ ഗിയർ ധരിച്ച് സംഭവസ്ഥലത്തെത്തി വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കി.










