മുംബൈ : മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയെ പൂർണ്ണമായി തുടച്ചുനീക്കിക്കൊണ്ട് ഭരണകക്ഷിയായ ‘മഹായുതി’ സഖ്യത്തിന് ചരിത്ര വിജയം. ആകെ നടന്ന 17 സീറ്റുകളിൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി-ശിവസേന(ഷിൻഡെ)-എൻസിപി(അജിത് പവാർ) സഖ്യം സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ മേധാവിത്വം ഒരിക്കൽ കൂടി തെളിയിച്ചു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചു. പ്രതിപക്ഷമായ കോൺഗ്രസ്, ഉദ്ധവ് താക്കറെ പക്ഷം, ശരദ് പവാർ പക്ഷം എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യത്തിന് ഒരു സീറ്റിൽ പോലും വിജയിക്കാനാകാതെ വൻ തിരിച്ചടിയാണ് നേരിട്ടത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വോട്ട് രേഖപ്പെടുത്തുന്ന തിരഞ്ഞെടുപ്പാണ് നിയമനിർമാണ കൗൺസിലിലേക്ക് നടക്കുന്നത്. മഹായുതി സഖ്യത്തിൽ ബിജെപി 11 സീറ്റുകൾ നേടി. ശിവസേന (ഏക്നാഥ് ഷിൻഡെ വിഭാഗം) 3 സീറ്റുകളും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം) 2 സീറ്റുകളും നേടി. നാസിക്കിൽ സ്വതന്ത്രനായി മത്സരിച്ച ഗോകുൽ ഗിതെ അട്ടിമറി വിജയം നേടി മുഴുവൻ സംസ്ഥാനത്തിന്റെയും ശ്രദ്ധയാകർഷിച്ചു.









