മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുന്നു. ഭരണസമിതിയുടെ കൂട്ടരാജിക്കും നാടകീയ രംഗങ്ങൾക്കും പിന്നാലെ മുതിർന്ന നടി മല്ലികാ സുകുമാരനും സംഘടനയിൽ നിന്നും രാജി പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ പടിയിറക്ക വിവരം പരസ്യമാക്കിയത്.
കഴിഞ്ഞ ദിവസം ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശ്വേതാ മേനോന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മല്ലികയുടെ ഈ അപ്രതീക്ഷിത തീരുമാനം. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറഞ്ഞ വരികളിൽ വലിയൊരു പ്രഖ്യാപനം നടത്തിയത്. “സ്‌നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം.” അവർ കുറിച്ചു.
പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സിനിമാ ലോകത്തുനിന്നും ആരാധകരിൽ നിന്നും വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മല്ലികയുടെ ധീരമായ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിലെ വൻ പൊട്ടിത്തെറികൾക്ക് പിന്നാലെ മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് സംസാരിക്കവെ ഭരണസമിതിയുടെ വീഴ്ചകളെക്കുറിച്ച് തുറന്നടിച്ചിരുന്നു.
നിലവിലെ ഭരണസമിതിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് മല്ലിക തുറന്നുസമ്മതിച്ചു. എന്നാൽ അതിന്റെ പേരിൽ പ്രസിഡന്റായ ശ്വേതയല്ല പഴി കേൾക്കേണ്ടതെന്നും അവർ വ്യക്തമാക്കി. സെക്രട്ടറിയും ട്രഷററും ഒഴിയണമായിരുന്നു: “ശ്വേതയ്ക്കുപരി മറ്റുള്ളവരായിരുന്നു തങ്ങൾക്ക് തെറ്റ് പറ്റി, ക്ഷമിക്കണമെന്ന് പറഞ്ഞ് രാജിവെക്കേണ്ടിയിരുന്നത്. അവരാരും അത് ചെയ്യാൻ തയ്യാറായില്ല. അതുകൊണ്ട് ശ്വേതയ്ക്ക് അത് ചെയ്യേണ്ടി വന്നു. എന്ത് ചെയ്യാൻ കഴിയും?” എന്ന് മല്ലിക ചോദിച്ചു. ജനറൽ സെക്രട്ടറിയും ട്രഷററുമാണ് യഥാർത്ഥത്തിൽ ഇതിന് ഉത്തരവാദികളെന്നും അവരാണ് രാജിവെക്കേണ്ടിയിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കമാണ് 17 അംഗ ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്വേതാ മേനോൻ അതീവ വൈകാരികമായാണ് രാജി പ്രഖ്യാപിച്ചതും സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയതും.
ഭരണസമിതി ഒഴിഞ്ഞതിന് പിന്നാലെ സംഘടനയുടെ ദൈനംദിന കാര്യങ്ങൾക്കായി ജഗദീഷിന്റെ നേതൃത്വത്തിൽ രമേശ് പിഷാരടിയെയും ഗണേഷ് കുമാറിനെയും ഉൾപ്പെടുത്തി താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് മല്ലികാ സുകുമാരന്റെ ഈ അപ്രതീക്ഷിത പടിയിറക്കം.








