വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ വിഷയം സഭയിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ബജറ്റ് ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാൻ കഴിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയതോടെ സഭയിൽ വൻ ബഹളമുണ്ടാവുകയും പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ബജറ്റ് ചർച്ചകൾ ഇന്നും നാളെയുമായി മാത്രമേ പൂർത്തിയാകൂ എന്നും, അതിനുശേഷം മാത്രമേ സഭയിലെ മറ്റ് നടപടികളിലേക്ക് കടക്കാൻ കഴിയൂ എന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. “ബജറ്റ് ചർച്ചകൾ നടക്കുമ്പോൾ മറ്റ് വിഷയങ്ങൾ അനുവദനീയമല്ലെന്ന് മുൻ സ്പീക്കർ വർക്കല രാധാകൃഷ്ണന്റെ റൂളിങ് തന്നെയുണ്ട്. അതിനാൽ കീഴ്‌വഴക്കങ്ങൾ ലംഘിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നൽകാൻ നിവൃത്തിയില്ല. എന്നാൽ ഇതേ വിഷയം പിന്നീട് സബ്മിഷനായി സഭയിൽ കൊണ്ടുവരാവുന്നതാണ്.”
എന്നാൽ, കേരളത്തിൽ മദ്യം ഒഴുക്കുന്നതിനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് ഈ നികുതി കുറയ്ക്കൽ എന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഈ വിഷയം സഭയിൽ ചർച്ച ചെയ്യാൻ സർക്കാർ എന്തിനാണ് ഭയപ്പെടുന്നതെന്നും മുൻ ധനമന്ത്രി ചോദിച്ചു. സ്വകാര്യ മദ്യക്കമ്പനികൾക്ക് അമിതമായി ലാഭം കൊയ്യാനുള്ള അവസരമാണ് ബജറ്റിലൂടെ സർക്കാർ തിരുകിക്കയറ്റിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശിച്ചു. റിപ്പോർട്ടർ ടിവി പുറത്തുവിട്ട വാർത്ത സഭയിൽ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ.
“ഇത് അത്യന്തം ഗൗരവമേറിയ വിഷയമാണ്. സാധാരണക്കാർക്കോ മനുഷ്യർക്കോ വേണ്ടിയുള്ള നിർദ്ദേശമല്ലിത്. കർണാടകയിലെ പ്രമുഖ മദ്യക്കമ്പനിയായ ‘ബെക്കാഡി’യാണ് സർക്കാരിന്റെ ഈ നീക്കത്തിന്റെ യഥാർത്ഥ ഗുണഭോക്താവ്. ഇതുമായി ബന്ധപ്പെട്ട ഫയൽ നീക്കങ്ങൾ അതിധ്രുതഗതിയിലാണ് സെക്രട്ടേറിയറ്റിൽ നടക്കുന്നത്.”
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ കൂട്ടത്തോടെ നടുത്തളത്തിലേക്ക് ഇറങ്ങി കനത്ത പ്രതിഷേധം രേഖപ്പെടുത്തി. സ്പീക്കറുടെ ഡയസിന് മുന്നിൽ നിലയുറപ്പിച്ച പ്രതിപക്ഷം സർക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. എത്ര കടുത്ത പ്രതിഷേധം ഉണ്ടായാലും സഭയിൽ വാച്ച് ആൻഡ് വാർഡിനെ വിളിച്ചു വരുത്തി അംഗങ്ങളെ പുറത്താക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, സഭാനടപടികളുമായി സഹകരിച്ചു പോകണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു. എന്നാൽ പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം ഒടുവിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് പോവുകയായിരുന്നു.









