കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന 2024-25 വർഷത്തെ സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. സംസ്ഥാനത്തിന്റെ ധനമാനേജ്‌മെന്റിൽ ഗുരുതരമായ പാളിച്ചകൾ സംഭവിച്ചതായും റവന്യു കമ്മിയും ധനക്കമ്മിയും കുറച്ചുകാണിക്കാൻ വൻ തുകകൾ വകമാറ്റിയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയും വരുത്തിവെച്ച ഓഫ് ബജറ്റ് കടമെടുപ്പുകൾ (Off-Budget Borrowings) കേരളത്തിന് താങ്ങാനാകാത്ത വലിയ ബാധ്യതയായി മാറിയെന്ന് സി.എ.ജി വ്യക്തമാക്കുന്നു. നിലവിൽ സംസ്ഥാനത്തിന്റെ ഓഫ് ബജറ്റ് കടബാധ്യത മാത്രം 39,230 കോടി രൂപയാണ്. വിവിധ മേഖലകളിലായി സർക്കാർ ഇനിയും തീർപ്പാക്കാനുള്ള തുക മാത്രം 3,511 കോടി രൂപയാണ്.
സാധാരണ രീതിയിലുള്ള കടമെടുപ്പുകൾക്ക് പുറമെ ഇത്തരം ബാഹ്യ സംവിധാനങ്ങൾ വഴി നടത്തുന്ന ധനസമാഹരണം സംസ്ഥാനത്തെ കൂടുതൽ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. സംസ്ഥാനത്തിന്റെ റവന്യു കമ്മിയും ധനക്കമ്മിയും യഥാർത്ഥ കണക്കുകളേക്കാൾ കുറച്ചു കാണിക്കുന്നതിനായി സർക്കാർ അക്കൗണ്ടുകളിൽ ക്രമരഹിതമായ മാറ്റങ്ങൾ വരുത്തിയതായാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപയാണ് സഞ്ചിത നിധിയിലേക്ക് (Consolidated Fund) വകമാറ്റിയത്. നിയമാനുസൃതമല്ലാതെ നടത്തിയ ഈ ധനവിനിയോഗം മുൻ സർക്കാരിന്റെ കാലത്തുണ്ടായ ഗുരുതരമായ ധനമാനേജ്‌മെന്റ് പാളിച്ചയാണെന്ന് സി.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സഭയിൽ അവതരിപ്പിച്ച 2024-25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലെ പ്രധാന കണക്കുകൾ സംസ്ഥാനത്തിന്റെ വരുമാനവും ചെലവും തമ്മിലുള്ള വലിയ അസന്തുലിതാവസ്ഥയാണ് തുറന്നുകാട്ടുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന നിരക്ക് 9.30 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു.
ആഭ്യന്തര ഉത്പാദനത്തിൽ വർദ്ധനവുണ്ടായിട്ടും സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ വെറും 0.30 ശതമാനത്തിന്റെ നേരിയ വളർച്ച മാത്രമാണ് ഉണ്ടായത്.










